X
    Categories: CultureVideo Stories

കോണ്‍ഗ്രസിനൊപ്പമില്ലെന്ന് മായാവതി; ഛത്തിസ്ഗഡില്‍ അജിത് ജോഗിയുമായി സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി മായാവതി വ്യക്തമാക്കി. 90 അംഗ അസംബ്ലിയില്‍ ബി.എസ്.പിയുടെ 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച മായാവതി, സഖ്യം വിജയിക്കുകയാണെങ്കില്‍ അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്നും വ്യക്തമാക്കി.

ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡുമായി (ജെ.സി.സി) ചേര്‍ന്ന് ഉടന്‍തന്നെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമെന്നും പ്രചരണ റാലികള്‍ നടത്തുന്നത് സംബന്ധിച്ച് ഉടന്‍തന്നെ അന്തിമ തീരുമാനത്തിലെത്തുമെന്നും മായാവതി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനുള്ള ശേഷി രണ്ട് പാര്‍ട്ടികള്‍ക്കുമുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ സന്നദ്ധമാവുകയാണെങ്കില്‍ അവരുടെ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’ മായാവതി പറഞ്ഞു ജെ.സി.സി 55-ഉം ബി.എസ്.പി 35-ഉം സീറ്റുകളില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സമാനമനസ്‌കരായ പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്ന് ഛത്തിസ്ഗഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. ജൂലൈ 15-ന് അദ്ദേഹം മായാവതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം, ബി.എസ്.പിയുമായുള്ള സഖ്യശ്രമം കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്നും സൂചനയുണ്ട്. ബി.എസ്.പി 22 സ്ഥാനാര്‍ത്ഥികളെ മാത്രം പ്രഖ്യാപിച്ചത് ശുഭസൂചനയാണെന്നും 16 സീറ്റ് വരെ കോണ്‍ഗ്രസ് ബി.എസ്.പിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അജിത് ജോഗിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ബി.എസ്.പി – ജെ.സി.സി സഖ്യത്തില്‍ ചേരാതെ കോണ്‍ഗ്രസ് സ്വതന്ത്രരായി തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും.

നിലവില്‍ ബി.ജെ.പിയാണ് ഛത്തിസ്ഗഡ് ഭരിക്കുന്നത്. രമണ്‍ സിങ് ആണ് മുഖ്യമന്ത്രി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: