ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പിക്കാന്‍ ബിജെപിക്കൊപ്പം പോവുമെന്ന വാര്‍ത്തകള്‍ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മായാവതി അഹ്വാനം ചെയ്തതോടെയാണ് അവര്‍ ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യൂഹം ഉണ്ടായത്.
ബിജെപിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബിഎസ്പിക്ക് സാധിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് മായാവതി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നാണ് ബിഎസ്പി ആഗ്രഹിക്കുന്നത്. ഇതിന് നേര്‍വിപരീതമാണ് ബിജെപിയുടെ രാഷ്ട്രീയം. വര്‍ഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയില്‍ ഊന്നിയതുമായ ബിജെപി പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ബിഎസ്പിക്ക് ആവില്ലെന്ന് മായാവതി വ്യക്തമാക്കി.
രാജ്യസഭ തെരഞ്ഞെടുപ്പിലും സ്‌റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്പിയെ തോല്‍പ്പിക്കാനായി വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതോടെയാണ് ബിഎസ്പി-ബിജെപി സഖ്യമുണ്ടാവുമെന്ന സൂചന വന്നത്. എന്നാല്‍ ഇത് അപ്പാടെ തള്ളിക്കൊണ്ടാണ് ബിഎസ്പി അധ്യക്ഷയുടെ പുതിയ പ്രസ്താവന.