X

മായാവതിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് സൂചന

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്‍മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായിരുന്നു. മായാവതിയേയും മമതയേയും ഉള്‍പ്പെടുത്തി ബി.ജെ.പിക്കെതിരെ നീങ്ങാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഇതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് മായാവതി. മായാവതിയുടെ ഈ നീക്കത്തിന് പിന്നില്‍ സഹോദരന്‍ ആനന്ദ്കുമാറാണെന്നാണ് സംസാരം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് 2017-ജനുവരിയില്‍ ആനന്ദ് കുമാറിനെതിരെ കേസെടുത്തിരുന്നു. 2007-14 കാലയളവില്‍ 1300 കോടിയുടെ ആസ്തിവര്‍ധന ഉണ്ടായെന്നും ഇത് സംശയാസ്പദമാണെന്നുമാണ് കേസ്. അതിനാല്‍ ബി.ജെ.പിക്കൊപ്പം മത്സരിച്ചാല്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മായാവതി സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും അനുകൂലമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുകയാണെന്നുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം.

അതേസമയം, ശിവരാജ് ചൗഹാനേയും ദിഗ് വിജയ്‌സിങിനേയും വിമര്‍ശിച്ച മായാവതി സോണിയേയും രാഹുലിനേയും വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ഐക്യത്തിനായുള്ള സോണിയാ ഗാന്ധിയുടെയും രാഹുലിന്റേയും സഖ്യശ്രമങ്ങള്‍ സത്യസന്ധമായിരിക്കാം. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയെ ഒറ്റക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും തന്നെ കള്ളക്കേസുകളിലൂടെ ദ്രോഹിച്ചുവെന്നും മായാവതി ആരോപിച്ചു.

നേരത്തെ, മായാവതിക്കുനേരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി നല്‍കിയത്. ദിഗ് വിജയ് സിങ് ബി.ജെ.പി ഏജന്റാണെന്ന് മാതാവതി തിരിച്ചടിച്ചിരുന്നു.

മായാവതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് സഖ്യത്തിന് കൂടാത്തതെന്നുമുള്ള ദിഗ് വിജയ് സിങിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ, പ്രതിപക്ഷഐക്യത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം ദളിത്‌നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി മേവാനി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.

chandrika: