X

ഇലക്ട്രോണിക് മെഷീനില്‍ കൃത്രിമത്വം; മായാവതിയെ ശരിവെച്ച് ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് മെഷീനുകളുടെ നിര്‍മ്മാണകേന്ദ്രം ഗുജറാത്തിലാണ്. അപ്പോള്‍ കൃത്രിമത്വത്തിനുള്ള സാധ്യതകളും കൂടുതലാണ്. യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ പണ്ടും ഉന്നയിച്ചിട്ടുള്ള കാര്യമാണ്. മായാവതിയുടെ പരാതി ഗൗരവമായി എടുക്കണം. ഓരോ ബൂത്തിലേയും വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കേണ്ടതും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് നോക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ലാലു പ്രസാദ് പറഞ്ഞു. എന്നാല്‍ യു.പിയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് താന്‍ പറയുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പിയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് മായാവതി ആരോപിച്ചിരുന്നു. ഇതിനെ പിന്താങ്ങിയാണ് ഇപ്പോള്‍ ലാലുപ്രസാദ് യാദവും രംഗത്തെത്തിയിരിക്കുന്നത്.

chandrika: