X

‘ഗംഗയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപം തീരില്ല’; മോദിക്കെതിരെ ഒളിയമ്പുമായി മായാവതി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള മായാവതിയുടെ വിമര്‍ശനം.

‘തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ?’ -മായാവതിചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ല. നോട്ടുനിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയ, സ്വചേഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് ജനങ്ങള്‍ അങ്ങനെയങ്ങ് മാപ്പു നല്‍കാനുള്ള സാധ്യതയില്ല. കേന്ദ്രസര്‍ക്കാറിന്റെ കിസാന്‍ സമാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യമെന്നും മായാവതി പറഞ്ഞു.

ഞായറാഴ്ച്ച മോദി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. സഹീ സ്നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയുമെന്നാണ് വിശ്വാസം. ഇതിനെതിരെയാണ് മായാവതി രംഗത്തെത്തിയിരിക്കുന്നത്.

chandrika: