ലക്‌നൗ: 63-ാം ജന്‍മദിനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടും ജനങ്ങളോടും സംവദിച്ച് ബി.എസ്.പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പരിപാടികളിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മായാവതി. കാലങ്ങളുടെ അകല്‍ച്ചമാറി രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതാണ് തനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്ന് മായാവതി പറഞ്ഞു. എസ്.പി-ബി.എസ്.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കൈകോര്‍ക്കുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പരാമര്‍ശം.
രാജ്യത്ത് കര്‍ഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രിക്ക് നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് മായാവതി പറഞ്ഞു. ഓരോ റാലികളിലും വാഗ്ദാനങ്ങള്‍ നടത്തുമെങ്കിലും മോദി പിന്നീടത് മറക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയാണ് ബി.ജെ.പി. ഇതിനായി അവര്‍ സി.ബി.ഐയെ വരെ ഉപയോഗിക്കുകയാണെന്നും മായാവതി പറഞ്ഞു.
ലക്‌നൗവ്വില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിറന്നാള്‍ ആശംസിച്ച എല്ലാവര്‍ക്കും മായാവതി നന്ദി പറഞ്ഞു. പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊണ്ട് പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മായാവതി പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുമ്പോഴാണ് ഇത്തവണത്തെ പിറന്നാള്‍ എത്തിയിരിക്കുന്നത്. യു.പിയില്‍നിന്നും ബി.ജെ.പിയെ പുറത്താക്കാന്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെ അകല്‍ച്ചമാറി ഇത്തവണ രാജ്യത്തിന്റെ താല്‍പ്പര്യത്തിനായി കൈകോര്‍ത്തിരിക്കുകയാണ്. ഇതായിരിക്കാം ഒരുപക്ഷേ തനിക്കു കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നും മായാവതി പറഞ്ഞു.
ഉച്ചക്കുശേഷം എസ്.പി നേതാവ് അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തും. മായാവതിയും അഖിലേഷും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.