X

പരസ്യമായി വിലക്കുകള്‍ ലംഘിച്ചിട്ടും യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദാര സമീപനമെന്ന് മായാവതി


ലക്‌നൗ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഏര്‍പ്പെടുത്തിയ വിലക്ക് യോഗി ആദിത്യനാഥ് പരസ്യമായി ലംഘിക്കുമ്പോഴും ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. യോഗി ആദിത്യ നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്നത് ഉദാര സമീപനമാണെന്നും മായാവതി പറഞ്ഞു. ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദലിത് വീടുകളില്‍ കയറി ഭക്ഷണം കഴിച്ചും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണു യോഗി ശ്രമിക്കുന്നതെന്നും മായാവതി.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് യോഗി പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദലിതരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചും യോഗി മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയെല്ലാം കാട്ടിയിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയോട് ഉദാരമായ സമീപനം കൈക്കൊളളുന്നത്?’ -മായാവതി ചോദിച്ചു. ഈ വിധം ഉദാര സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയോട് പുലര്‍ത്തുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്നും മായാവതി പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണരംഗത്ത് 72 മണിക്കൂറിന്റെ വിലക്കാണ് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. സമാനമായ കാരണം ഉന്നയിച്ച് മായാവതിക്ക് 48 മണിക്കൂറിന്റെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

web desk 1: