ഖുര്ആന് നല്‍കപ്പെട്ട മാസം എന്നാണ് പരിശുദ്ധ റമസാനിനെ അല്ലാഹു പരിചയപ്പെടുത്തുന്നതു തന്നെ (2:185). ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട ആ അവതരണത്തിന്റെ തുടക്കം റമസാനിലായിരുന്നു. അല്‍ നൂര്‍ പര്‍വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹ അതിനു വേദിയായി. അല്‍ അലഖ് സൂറത്തിലെ ആദ്യ അഞ്ചു സൂക്തങ്ങളുമായായിരുന്നു ജിബ്രീല്‍ മാലാഖ വന്നിറങ്ങിയത്. ഖണ്ഡശ്ശയായി ആവശ്യാനുസരണം ഇറക്കിക്കൊടുക്കാന്‍ പാകത്തിലുള്ള ഒരു ആകാശവിതാനത്തിലേക്ക് അത് മൊത്തമായി അവതരിക്കപ്പെട്ടത് റമസാനിലാണ് എന്നും വ്യാഖ്യാനമുണ്ട്.
അവതരണം തുടങ്ങുമ്പോള്‍ റമസാനില്‍ നോമ്പോ മറ്റോ ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ആശയങ്ങള്‍ മണ്ണിലും മനസ്സിലും സ്ഥാപിക്കപ്പെട്ടതോടെ അത് ആദരിക്കപ്പെടാന്‍ മാത്രം വലുതാണ് എന്നും അംഗീകരിക്കപ്പെടാന്‍ മാത്രം ആധികാരികമാണ് എന്നും അല്ലാഹു സ്ഥാപിച്ചു. അതോടെ അത് അല്ലാഹുവിന്റെ ആയത്തും മനുഷ്യന്റെ ജീവിത ധാരവും പ്രവാചകന്റെ മുഅ്ജിസത്തുമാണ് എന്നത് ബോധ്യമായി. അപ്പോള്‍ അതിനോടുള്ള ബഹുമാനവും പരിഗണനയും ആദരവുമെല്ലാം സ്ഥാപിക്കാന്‍ കൂടി വേണ്ടി അതിറങ്ങിത്തുടങ്ങിയ മാസം വ്രതവും അനുബന്ധങ്ങളും അല്ലാഹു നിര്‍ബന്ധമാക്കി.
അങ്ങനെ ആ രണ്ട് വിശുദ്ധികളും പരസ്പര പൂരകങ്ങളായി മാറി. റമസാന്‍ നോമ്പും പുണ്യങ്ങളും എല്ലാം വിശുദ്ധ ഖുര്‍ആനു വേണ്ടിയുള്ളതാണ് എന്നുവരെ ഈ ബന്ധം വ്യാഖ്യാനിക്കുന്ന പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. അതിനാല്‍ വിശ്വാസി തന്റെ റമസാന്‍ വിശുദ്ധ ഖുര്‍ആനിനു വേണ്ടി സമര്‍പ്പിക്കേണ്ടതുണ്ട്. മഹാന്‍മാരുടെ ജീവിതത്തില്‍ അതു കാണാം. ഇമാം മാലിക്(റ) റമസാനില്‍ കിത്താബുകള്‍ പൂട്ടിവെക്കുന്നതും ഖുര്‍ആനില്‍ മുഴുകുന്നതും കാണുന്നത് ഒരു ഉദാഹരണം.
ഖുര്‍ആനിനെ അത്ഭുതങ്ങളുടെ അത്ഭുതം എന്നു വിശേഷിപ്പിച്ചത് സാമൂഹ്യ ശാസ്ത്രജ്ഞന്‍ റോയ്‌സ്‌റന്‍പൈകാണ് (1896-1980). വിഖ്യാത അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈനും (1889-1973) അതുതന്നെയാണ് പറഞ്ഞത്, ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം എന്ന്. ഈ അല്‍ഭുതത്തിന്റെ മാസ്മരികതയില്‍ വലീദ് ബിന്‍ ഉത്ബയും അംറ് ബിന്‍ ഹിശാമും കഅ്ബ് ബിന്‍ സുഹൈറും ഇബ്‌നു റവാഹയും ഖുര്‍ആന്‍ പെയ്തിറങ്ങുന്ന കാലത്തു തന്നെ മിഴിച്ചു നിന്നിട്ടുണ്ട്. അതിന്റെ അല്‍ഭുതത്തെ നിര്‍വീര്യമാക്കാന്‍ എല്ലാ അസൂയക്കാര്‍ക്കും വേണ്ടി ഒന്നാം നൂറ്റാണ്ടില്‍ ഇബ്‌നുല്‍ മുഖ്ഫ്ഫഅ് ആറു മാസമാണ് അടച്ചിട്ട മുറിയില്‍ തപസ്സിരുന്നത്. വിയര്‍ത്ത് തോറ്റ് തുന്നംപാടിയായിരുന്നു പുറത്തേക്കുള്ള വരവ്. ഇപ്പോഴും അവരുടെ പണിശാലകള്‍ സജീവമാണ്. പലരും തലപുകക്കുന്നത് എങ്ങനെ ഈ അല്‍ഭുതത്തെ പിടിച്ചു കെട്ടാം എന്നാണ്.
1999 ല്‍ യു.എസ്സില്‍ നിന്ന് ഒരു ഫുര്‍ഖാനുല്‍ ഹഖ് വന്നല്ലോ. ഖുര്‍ആനിന്റെ അതേ ഭാഷയും പദഘടനയുമൊക്കെ അതേ പോലെ ഉപയോഗിച്ച്. ആശയം വേറെ ചിലരുടേതും. ഇത്രയേറെ ഇസ്‌ലാം വിരുദ്ധരും വിരുദ്ധതയുമുണ്ടായിട്ടും സംഗതി വിജയിച്ചില്ല. ഖുര്‍ആനിന്റെ അഭൗമമായ ആശയ ഭംഗി ഇന്നും പലരേയും വേട്ടയാടുന്നു എന്നതാണ്. അതിന്റെ അല്‍ഭുതം ബോധ്യപ്പെട്ടതു കൊണ്ടാണല്ലോ ഇങ്ങനെ ഓരോ ശ്രമങ്ങള്‍ നടത്തുന്നത്. അല്ലാതെ മുസ്‌ലിംകള്‍ക്ക് ഒരു പുതിയ ഖുര്‍ആന്‍ ഉണ്ടാക്കിക്കൊടുക്കാനല്ലല്ലോ. കോറോണയെ വെച്ച് മുതലെടുക്കാനും ഖുര്‍ആന്‍ ശ്രമമുണ്ടായി. അതും പരിഹാസ്യമായി ഒടുങ്ങി. ഫുര്‍ഖാനുല്‍ ഹഖും ഇതുമെല്ലാം വെറുമൊരു പാരഡിയുടെ നിലവാരത്തിലേ എത്തിയുള്ളൂ. ഇതൊക്കെ വിശുദ്ധ ഖുര്‍ആന്റെ അല്‍ഭുതത്തെ വീണ്ടും അടിവരയിടുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തുന്ന അമാനുഷികമായ അല്‍ഭുതങ്ങളുടെ ഒരു പ്രത്യേകത അത് വലിയ അക്കാദമിക്കുകളെ മാത്രമല്ല സാധാരണക്കാരനെ പോലും സ്വാധീനിക്കുന്നു എന്നതാണ്. അറബി ഭാഷയിലെ മീം എന്ന അക്ഷരത്തെ കുറിച്ചുള്ള ഭാഷാപരമായ സവിശേഷത ഒരു ഉദാഹരണം. അലങ്കാരാക്ഷരങ്ങളില്‍ ഒന്നാണത്. മീമില്ലെങ്കില്‍ ഗദ്യത്തിനും പദ്യത്തിനുമൊന്നും ഒരു ചൊറുക്കുണ്ടാവില്ല എന്നാണ് സങ്കല്‍പ്പം. പക്ഷേ, സൂറത്തുല്‍ കൗസറിനെ ശ്രദ്ധിച്ചു നോക്കൂ!, മീം എന്ന അക്ഷരമില്ലാതിരുന്നിട്ടും അതിന്റെ വശ്യതക്കൊരു കുറവുമില്ല!. മറ്റൊരു ഉദാഹരണമാണ് ജീവിത പങ്കാളികളെ കുറിച്ചുള്ള ഖുര്‍ആനിന്റെ പ്രയോഗം. ഭാര്യമാരെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ പലയിടത്തും പല വാക്കാണ് ഉപയോഗിക്കുന്നത്. ആദം നബിയുടെയും മുഹമ്മദ് നബിയുടെയും ഒക്കെ ഭാര്യമാരെ സൗജ് എന്ന് ഇണ എന്ന് (അല്‍ ബഖറ 35, അഹ്‌സാബ്: 6) വിളിക്കുമ്പോള്‍ നൂഹ് നബി, ലൂത്വ് നബി തുടങ്ങിയവരുടെയും (തഹ്‌രീം: 10) ഫിര്‍ഔനിന്റെയും (തഹ്‌രീം: 11) ജീവിത പങ്കാളികളെ വെറും പെണ്ണ് എന്നാണ് വിളിക്കുന്നത്. ശരിക്കും പങ്കാളി ഇണ തന്നെയായിരിക്കണം എന്നതിനാല്‍ സൂറത്തു റൂമിലും ഫുര്‍ഖാനിലും സൗജ് എന്നു തന്നെ പ്രയോഗിച്ചിട്ടുമുണ്ട്. ഇതിനെ കുറിച്ച് പഠനം നടത്തിയ പണ്ഡിതര്‍ കണ്ടെത്തിയത് മനപ്പൊരുത്തം, ആശയപ്പൊരുത്തം തുടങ്ങിയവയെല്ലാം കുടുംബ ജീവിതത്തില്‍ പ്രധാനമാണ് എന്നും അത്തരം എല്ലാ പൊരുത്തവും ഉള്ള പങ്കാളികള്‍ മാത്രമാണ് സൗജ് എന്ന ഇണയാകുന്നത് എന്നും അല്ലെങ്കില്‍ അവള്‍ വെറുമൊരു പെണ്ണ് മാത്രമാണ് എന്നുമാണ്. ഈ ആശയം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സക്കരിയ്യാ നബിയുടെ അനുഭവം. അദ്ദേഹത്തിന് യഹ്‌യാ എന്ന മകന്‍ ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ഭാര്യയെ വെറും പെണ്ണ് എന്നാണ് വിളിക്കുന്നത്. (മര്‍യം 5, ആലു ഇംറാന്‍ 40). എന്നാല്‍ അദ്ദേഹത്തിന് ആ ഭാര്യയില്‍ കുഞ്ഞുണ്ടായതോടെ അവരെ അല്ലാഹു ഇണ എന്നു തന്നെ വിളിക്കുന്നുണ്ട് (അമ്പിയാ: 90). ഇങ്ങനെ എത്രയെത്ര അല്‍ഭുതങ്ങളാണ് ഈ ദിവ്യ വചനങ്ങളില്‍.
വെറും കണക്കുകള്‍ പറഞ്ഞാല്‍ ഏത് വിശാരദനെയും ഖുര്‍ആന്‍ അമ്പരപ്പിക്കും. ചരിത്രങ്ങള്‍ കൊണ്ട് മാത്രം ചരിത്രകാരന്‍മാരെ ഖുര്‍ആന്‍ അതിശയിപ്പിക്കും. ഖുര്‍ആന്‍ പറഞ്ഞ ശാസ്ത്ര സത്യങ്ങള്‍ മാത്രം മതി ഏതൊരു സത്യസന്ധനായ ശാസ്ത്രജ്ഞനെയും ചിന്തിപ്പിക്കുവാന്‍. ഇതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ശക്തി. ഇതിന് പ്രത്യക്ഷത്തില്‍ പറയാന്‍ നിരവധി തെളിവുകളുണ്ട്. അവയിലൊന്ന് ഖുര്‍ആന്‍ നടത്തുന്ന വെല്ലുവിളി. ഈ ഗ്രന്ഥത്തെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സന്ദേഹവുമുണ്ടെങ്കില്‍ ആരെ കൂട്ടിയിട്ടാണെങ്കിലും ശരി നിങ്ങള്‍ ഇതിനു തുല്യമായ മറ്റൊന്ന് കൊണ്ടു വരൂ എന്ന് മക്കയില്‍ വെച്ചും പിന്നെ മദീനയില്‍ വെച്ചുമായി നാലിലധികം പ്രാവശ്യം ഖുര്‍ആന്‍ വെല്ലുവിളിക്കുന്നുണ്ട്. ഈ കിതാബിന്റെ അമാനുഷികതയിലുള്ള ഉറപ്പില്‍ നിന്നല്ലാതെ മറ്റെങ്ങും നിന്നല്ല ഈ വെല്ലുവിളിയുടെ ധൈര്യം ഉണ്ടാകുന്നത്.