‘ബലാല്‍സംഗക്കേസിലെ കുറ്റവാളികളില്‍ ചിലര്‍ ബ്രാഹ്മണരാണെന്നത് ശരിയാണ്. ബ്രാഹ്മണര്‍ പക്ഷേ നല്ല സംസ്‌കാരമുള്ളവരാണ്.’ എന്ന് പറയുന്നത് ഗുജറാത്തിലെ ബി. ജെ.പിയുടെ എം.എല്‍.എ സി.കെ റാവുല്‍ജിയാണ്. ഇദ്ദേഹമാണ് കുപ്രസിദ്ധമായ ബില്‍ക്കിസ്ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശപ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ ഒരംഗം. മോചനം വിവാദമായതോടെ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായായിരുന്നു ടിയാന്റെ ബ്രാഹ്മണ്യത്തെപ്പറ്റിയുള്ള വിവാദ പരാമര്‍ശം. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം ഏതുവിധേനയും ക്രിമിനലുകള്‍ക്ക് ഒത്താശയും സൗകര്യവും ചെയ്തുകൊടുക്കുക എന്ന സംഘ്പരിവാര്‍ ലക്ഷ്യം മാത്രമാണ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ്ബാനു എന്ന 19കാരിയായ ഗര്‍ഭിണി കൂട്ടബലാല്‍സംഗത്തിനിരയാകുന്നത്. ഇവരുടെ ഏഴ് ബന്ധുക്കളെ ബി.ജെ.പിയുടെ കാപാലികര്‍ ചുട്ടുകൊന്നു. ഇതിന് നിയമ നടപടി തേടി വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു മുംബൈ ഹൈക്കോടതി കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീടിന് പാലുകാച്ചല്‍, ബന്ധുക്കളുടെ വിവാഹം, കാല്‍മുട്ടു ശസ്ത്രക്രിയ തുടങ്ങിയവയാണ് മോചനത്തിന് ന്യായീകരണമായി കുറ്റവാളികള്‍ വാദിച്ചത്. അത് അന്വേഷിക്കാനായി കഴിഞ്ഞമേയില്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുകയും സമിതി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് മോചനത്തിന് അനുമതി നല്‍കുകയുമായിരുന്നു ബി.ജെ.പി സര്‍ക്കാര്‍.
കൊലപാതകികളോടും ബലാല്‍സംഗവീരന്മാരോടും കലാപകാരികളോടും മറ്റുമുള്ള ബി.ജെ.പിക്കാരുടെ ഇഷ്ടം കുപ്രസിദ്ധമാണ്. അവര്‍ ബി.ജെ.പിക്കാരാകുമ്പോഴാണിത് പ്രകടമാകുക. യു.പിയിലെ ഉന്നാവിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എക്കുവേണ്ടി കോടതികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി ബി.ജെ.പി ഭരണകൂടങ്ങള്‍ നടത്തിയ ആഭാസത്തരങ്ങള്‍ രാജ്യം എത്രയോ തവണ കണ്ട് ലജ്ജിച്ചതാണ്. ഹത്രാസിലെയും സ്ഥിതി വിഭിന്നമായിരുന്നില്ല. ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ ജാമ്യം ലഭിച്ചതിന്‌ശേഷം ഹാരമണിയിച്ച് സ്വീകരിക്കാനെത്തിയത് കേന്ദ്രമന്ത്രിയായിരുന്നു. ഇതാണ് ബി.ജെ.പിക്കാരാകുമ്പോഴുള്ള ഇക്കൂട്ടരുടെ പ്രതികരണമെങ്കില്‍ ഏതെങ്കിലും കേസില്‍ പ്രതികളായ ഇതര പാര്‍ട്ടിക്കാരോടും മുസ്‌ലിംസമുദായാംഗങ്ങളോടും മറിച്ചാണ് ഇവര്‍ നിലപാട് സ്വീകരിക്കുക. ‘മേക്ക് ഇന്‍ ഇന്ത്യ’ അല്ല, ഇന്ത്യയിലിപ്പോഴുള്ളത് ‘റേപ്പ് ഇന്‍ ഇന്ത്യ’ ആണെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. ഇന്ന് പക്ഷേ പാവപ്പെട്ട പെണ്‍കുട്ടിയുടെ പീഡനത്തിലെയും കൂട്ടക്കൊലയിലെയും കുറ്റവാളികളുടെ മോചനത്തില്‍ സ്മൃതി ഇറാനിമാരുടെ പെണ്‍ ഹൃദയം ഒട്ടും പിടയുന്നേയില്ലെന്നത് കൗതുകകരമായിരിക്കുന്നു. കഴിഞ്ഞദിവസം തന്നെയാണ് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗോരക്ഷക്കായി താന്‍ അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ‘എം.എം മണിസ്റ്റൈലി’ല്‍ വെളിപ്പെടുത്തിയതും.
മൂന്നു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ബില്‍ക്കിസ്ബാനുവിനെതിരായ നരനായാട്ട്. കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിയിലെ അഗ്നിയുടെ പേരിലായിരുന്നു മുസ്‌ലിംകള്‍ക്കെതിരായ അക്രമപ്പേക്കൂത്തുകളെല്ലാം. രണ്ടായിരത്തോളം മുസ്‌ലിംകള്‍ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ പ്രതികരണമാരാഞ്ഞ റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകനോട് അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി പറഞ്ഞത് ‘കാറോടുമ്പോള്‍ പട്ടിക്കുട്ടികള്‍ ചാകുന്നത് സ്വാഭാവികം’ എന്നായിരുന്നു! അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴിലാണ് പ്രമാദമായ കൊലപാതകക്കേസിലെ കുറ്റവാളികളെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് സമൂഹത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. അതും സി. ബി.ഐ അന്വേഷിച്ച കേസില്‍. മതിയായ കാരണങ്ങളില്ലാതെ കുറ്റവാളികള്‍ക്ക് ജാമ്യമോ പരോളോ മോചനമോ നല്‍കരുതെന്ന നിയമവ്യവസ്ഥയെയും ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ വിധികളെയും തൃണവല്‍ഗണിച്ചാണ് ഈ കൂട്ടപുറത്തുവിടല്‍. അതേസമയം ഏറെ കൗതുകകരമായകാര്യം ഗുജറാത്ത് കലാപത്തിലെ മറ്റൊരു ക്രൂര അധ്യായമായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരുമ്പറ വാങ്ങിക്കൊടുക്കാനും സാക്കിയ ജാഫ്രിയെപ്പോലുള്ള വിധവകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനും പരിശ്രമിച്ചതിനാണ് ടീസ്റ്റ് സെതല്‍വാദിനെപോലുള്ള പ്രഗല്‍ഭരായ മനുഷ്യാവകാശ-ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തകരെ തുറുങ്കിലടച്ചിരിക്കുന്നതും. ഇവിടെയാണ് രാജ്യത്തെ സംഘ്പരിവാര്‍ ഫാസിസത്തിന്റെയും ചില ന്യായാധിപന്മാരുടെയും താല്‍പര്യങ്ങളുടെനേര്‍ക്ക് കുന്തമുന നീളുന്നത്.