മട്ടന്നൂര്‍ നഗരസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് പാഠമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പ്രസ്താവിച്ചു. മാറുന്ന കേരളത്തിന്റെ നേര്‍ക്കാഴ്ചയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. സ്വന്തം കോട്ടയില്‍ ഇടതുപക്ഷത്തിന് കാലിടറിയതും യു.ഡി.എഫ് വന്‍മുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണ്. കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണ് ഈ ഫലം. സാധാരണജനങ്ങളുടെ മാത്രമല്ല ഇടത് അനുഭാവമുളളവര്‍ പോലും സി.പി.എമ്മിനേയും ഇടത് മുന്നണിയേയും കൈവിടുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.- പി.എം.എ സലാം പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭയിലേക്കുളള തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ യു.ഡി.എഫ് നേതാക്കളേയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേയും ജനാധിപത്യ പോരാട്ടത്തില്‍ യു.ഡി.എഫിനെ പിന്തുണച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.