X

വൈവാഹിക വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: വൈവാഹിക വെബ്‌സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് നിര്‍ദേശം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വൈവാഹിക സൈറ്റുകളിലൂടെ തട്ടിപ്പുകള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന ഉപഭോക്തൃ കരാറും സ്വകാര്യതാ നയവും വികസിപ്പിക്കണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ നല്‍കണം. കൂടാതെ വ്യക്തിഗത തിരിച്ചറിയല്‍രേഖ, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. സ്വകാര്യതാനയത്തിലൂടെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള നിയന്ത്രണങ്ങളും നയങ്ങളും വ്യക്തമാക്കണം. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ അടിയന്തരമായി പൊലീസിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഡേറ്റിങ്ങിനും ചാറ്റിങ്ങിനുമൊക്കെയായി മാട്രിമോണിയല്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി.

chandrika: