X
    Categories: indiaNews

മഥുരയിലെ ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ആവശ്യം കോടതി തള്ളി

ലഖ്‌നൗ: മഥുരയിലെ കത്ര കേശവദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുരയിലെ പ്രാദേശിക കോടതി തള്ളി. അയോധ്യയിലെ ബാബരി മസ്ജിദ് മാതൃകയില്‍ സംഘ് പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസിലാണ് കോടതി വിധി. ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് 1991ലെ ആരാധാനാലയ സംരക്ഷണ നിയമം ഉദ്ധരിച്ച് ജഡ്ജി ഛയ്യ ശര്‍മ വ്യക്തമാക്കി.

സെപ്തംബര്‍ 25ന് ഏഴു പേരാണ് കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈദ് ഗാഹ് മസ്ജിദ് നിലകൊള്ളുന്ന 13.37 ഏക്കര്‍ സ്ഥലം വിട്ടുനല്‍കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി കോടതി തള്ളിയതോടെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഹര്‍ജിക്കെതിരെ സന്യാസിമാര്‍ രംഗത്തു വന്നിരുന്നു. പുറത്തുനിന്നു വരുന്നവര്‍ പ്രശ്‌നമുണ്ടാക്കുകയാണ് എന്നായിരുന്നു അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭാ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചിരുന്നത്. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും നേരത്തെ പരിഹരിച്ചതാണ്. നല്ല സൗഹാര്‍ദത്തിലാണ് ഇപ്പോള്‍ മഥരയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും കഴിയുന്നത്- അദ്ദേഹം വ്യക്തമാക്കി.

Test User: