ലഖ്‌നൗ: മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് ‘കൃഷ്ണ ജന്മഭൂമിയിലേക്കുള്ള കടന്നുകയറ്റമാണ്’ എന്നും അതു നീക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മഥുര ജില്ലാ കോടതി ജഡ്ജ് ആണ് ഹര്‍ജി സ്വീകരിച്ചത്. അഭിഭാഷകരായ ഹരി ശങ്കര്‍ ജെയ്ന്‍, വിഷ്ണു ജയ്ന്‍, രഞ്ജന അഗ്നിഹോത്രി എന്നിവരാണ് കോടതിയെ സമീപിച്ചത്.
നേരത്തെ, പ്രാദേശിക കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ജില്ലാ കോടതിയെ സമീപിച്ചത്. നവംബര്‍ 18ന് കേസില്‍ വാദം കേള്‍ക്കും. ജില്ലാ ജഡ്ജ് സാധന റാണി ഠാക്കൂര്‍ ആണ് വാദം കേള്‍ക്കുന്നത്.
17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈദ്ഗാഹ് മസ്ജിദ് കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ വാദിക്കുന്നു. മുഗള്‍ രാജാവായിരുന്ന ഔറംഗസീബിന്റെ കാലത്താണ് മസ്ജിദ് നിര്‍മിക്കപ്പെട്ടത്. സുന്നി വഖഫ് ബോര്‍ഡിനേയും ഷാഹി മസ്ജിദ് ഇദ്ഗാഹ് ട്രസ്റ്റിനേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മില്‍ തര്‍ക്കങ്ങളൊന്നും നില നില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ അനുകൂല വിധിക്ക് ശേഷമാണ് സംഘ് പരിവാര്‍ മഥുരയിലെ പള്ളിയിലും ഇടപെടുന്നത് എന്നതാണ് ശ്രദ്ധേയം.