X
    Categories: CultureViews

മുഖം മറച്ച ഹാദിയ; ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം മറച്ച തരത്തിലുള്ള ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്.

മതനിഷ്ഠ പാലിക്കുന്ന മുസ്‌ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ചിത്രം വികൃതമായ രീതിയില്‍ ഹാദിയയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ നല്‍കുക വഴി, ഈ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ‘മാതൃഭൂമി’യുടെ ലക്ഷ്യം എന്നു കരുതുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നു എന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഈ അതിവായന എന്നതാണ് വിചിത്രം. വീട്ടില്‍ അച്ഛന്റെ മര്‍ദനമേല്‍ക്കുന്നുണ്ടെന്നും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും, അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് മാതൃഭൂമി ചെയ്യുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ഷൈന്‍ മോഹന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍, നല്‍കിയ ചിത്രത്തിന് ആധാരമായ എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നില്ല. സുപ്രീം കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച വ്യവഹാരത്തിലെ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ സുരക്ഷിതയല്ലെന്നും അടിച്ചമര്‍ത്തപ്പെടുന്നു എന്നുമുള്ള, സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പൊതുബോധമാണ് വിവാദ ചിത്രം നല്‍കുക വഴി മാതൃഭൂമി പ്രചരിപ്പിക്കുന്നത്.

പ്രവാചകനെ അപമാനിക്കുന്ന ഫേസ്ബുക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, അത് ഒരു സബ് എഡിറ്ററുടെ കൈയബദ്ധം എന്നായിരുന്നു മാതൃഭൂമിയുടെ വിശദീകരണം. എന്നാല്‍ അതിനു ശേഷം മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളില്‍ തെറ്റിദ്ധാരണാ ജനകമായ നിലപാടുകളാണ് മാതൃഭൂമി സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഹാദിയ വാര്‍ത്തയില്‍ പ്രകോപനപരമായ ചിത്രം നല്‍കിയത് എന്നു കരുതപ്പെടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: