തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വെച്ചുമാറുന്നത്.
വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കത്ത് നേരത്തെ കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരുന്നു. ജെ.ഡി.എസിന്റെ ആഭ്യന്തരകാര്യം എന്ന നിലക്ക് സി.പി.എമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി തോമസിന്റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും.
ഉടന്‍ എല്‍ഡിഎഫ് ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് വിവരം.