X

‘മന്ത്രി പദവിയില്‍ കടിച്ചു തൂങ്ങാനില്ല’; മാത്യു ടി തോമസിന്റെ പ്രതികരണം

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയ ജെഡിഎസ് തീരുമാനത്തില്‍ പ്രതികരണവുമായി മാത്യു ടി തോമസ്. മന്ത്രി പദവിയില്‍ കടിച്ചു തൂങ്ങി നില്‍ക്കാനോ പാര്‍ട്ടിയെ പിളര്‍ത്താനോ താല്‍പര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നാളെ തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കെ.കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരാണ് ദേവഗൗഡയുമായി ബംഗളൂരുവില്‍ ചര്‍ച്ച നടത്തിയത്. ഡാനിഷ് അലിയും യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായ ജനതാദള്‍ എസിന്റെ മൂന്നു എം.എല്‍.എമാരോടും ബംഗളൂരുവിലെത്തി തന്നെ കാണാന്‍ ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു.അതേസമയം മാത്യു ടി തോമസിന്റെ അസാന്നിധ്യത്തിലായിരുന്നു മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാത്യു ടി തോമസ് മന്ത്രിസ്ഥാനത്തു നിന്ന് ഒഴിഞ്ഞ് തനിക്ക് അവസരം നല്‍കുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് മന്ത്രിസ്ഥാനത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റൂര്‍ എം.എല്‍.എ കൃഷ്ണന്‍കുട്ടിയുടെ വാദം.

chandrika: