തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എട്ടു വര്‍ഷങ്ങല്‍ക്കു മുമ്പ് കാണാതായ മാത്യുവിന്റേതെന്ന് സംശയിക്കുന്ന കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തി. തുടയെല്ലിന്റെ ഭാഗമാണ് കണ്ടെത്തിയത്. നേരത്തെ കൈയുടെയും കാലിന്റെയും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി പൊലീസ് ഇന്നും പരിശോധന നടത്തുകയാണ്. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതി മൊഴി നല്‍കിയ കെട്ടിടത്തിന്റെ തറ ഇളക്കി നടത്തിയ തെരച്ചിലില്‍ പൊലീസിന് തെളിവ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കെട്ടിടത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് മണ്ണ് നീക്കിയപ്പോഴാണ് കാലിന്റേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതിനിടെ, മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം നെഞ്ചിന്റെ ഭാഗം പുഴയില്‍ ഒഴുക്കിയതായുള്ള പ്രതി അനീഷിന്റെ മൊഴി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
2008ല്‍ കാണാതായ മാത്യുവിനെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് അനീഷിന്റെ പിതാവാണ് അടുത്തിടെ മാത്യുവിന്റെ മകള്‍ നൈസിയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നൈസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനീഷിനെ ചോദ്യം ചെയ്തത്.