X

മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍; സ്പീക്കറുടെ വിലക്ക്: നാടകീയ രംഗങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തെ മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ വിലക്കി. ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് സ്പീക്കറുടെ റൂളിങ്.

2023ലെ കേരള ഗവണ്‍മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീക്കര്‍ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴല്‍നാടന്‍ സംസാരിച്ചത്.

”കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. വാര്‍ത്തയിലെ കാര്യങ്ങള്‍ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..” മാത്യു കുഴല്‍നാടന്‍ പ്രസംഗിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടു. ”ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബില്ലില്‍ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്”- സ്പീക്കര്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും നി!ര്‍ദേശം. മാത്യു കുഴല്‍നാടന് പ്രസംഗിക്കാന്‍ മൈക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

webdesk13: