കോഴിക്കോട്: ഒരുതരത്തിലും നിയമവാഴ്ചയെ അംഗീകരിക്കാത്ത സമീപനമാണ് യു.പി യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി ആരോപിച്ചു. ന്യൂനപക്ഷാവകാശങ്ങളുടെ ശവപ്പറമ്പായി യു.പി മാറുകയാണ്. 31 വരെ പള്ളിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകരുതെന്ന ഹൈക്കോടതി ഉത്തരവ് വകവെക്കാതെയാണ് അത് തകര്‍ത്ത് അവശിഷ്ടങ്ങള്‍ പുഴയിലെറിഞ്ഞത്. മഹാമാരിക്കാലത്ത് സര്‍വ്വ സന്നാഹങ്ങളുമായി വന്ന് ഒരു ആരാധനാലയം തകര്‍ത്ത സര്‍ക്കാരാണ് ജനാധിപത്യ പരമായ പ്രതിഷേധങ്ങളെ പോലും പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത്.
യു.പി യില്‍ നടക്കുന്ന നീതി നിക്ഷേധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നേതാവാണ് ഡോ: മതീന്‍ ഖാന്‍. അദ്ദേഹത്തെ വേട്ടയാടി നിശബ്ദനാക്കാനുള്ള നീക്കത്തെ പാര്‍ട്ടി സര്‍വ്വശക്തിയുമപയോഗിച്ച് ചെറുക്കും. വിജയം വരെയും പിന്നോട്ടില്ല. ഉറച്ച പിന്തുണമായി പാര്‍ട്ടി നേതൃത്വം കൂടെയുണ്ടാകും. ഇത്തരം നീക്കങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ നിശബ്ദമാക്കാനാവില്ലെന്നും നിയമപരമായ എല്ലാ പിന്തുണയും തുടരുമെന്നും പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ:കെ.എം ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, സീനിയര്‍ വൈസ് വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.