X

മരണത്തിന്റെ രുചി സമ്മാനിക്കുന്ന മത്സ്യ വിപണി

 

പൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ് മലയാളിയുടെ അരക്ഷിത ജീവിതം. ഇത്തരം ധര്‍മസങ്കടങ്ങളെ പതിറ്റാണ്ടുകളായി നാം ഒരുമയോടെ അതിജീവിക്കുന്നു. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഓരോ മലയാളിയും ആത്മഹത്യ ചെയ്യുകയാണിപ്പോള്‍. നാം അറിയാതെ നമ്മുടെ തലമുറക്ക് ആരൊക്കെയോ ചേര്‍ന്ന് വിഷം വിളമ്പുന്നു. ഘട്ടംഘട്ടമായി, ഇഞ്ചിഞ്ചായി മലയാളി സ്വയംഹത്യയിലേക്ക് നീങ്ങുന്നു. ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്, സാമൂഹ്യ ദുരന്തമാണ്. ബോധപൂര്‍വം ഒരു ജനതയെ രോഗികളാക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ കുത്തകകള്‍ വിഷം ചേര്‍ത്ത് നമുക്കുതന്നെ വിളമ്പുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തി കടന്നെത്തുന്ന വിഷം കലര്‍ത്തിയ മത്സ്യത്തെ കുറിച്ചാണ്. കരുതിയിരിക്കണം, ഓരോ മീനും രോഗത്തിന്റെയും മരണത്തിന്റെയും രുചിയാണ് സമ്മാനിക്കുന്നത്.
മലയാളിയുടെ തീന്‍മേശയിലേക്ക് വിഷ വസ്തുക്കള്‍ എത്തിത്തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം അടുപ്പില്‍ വെള്ളംവെച്ച് ശീലിച്ച മലയാളികള്‍ ആദ്യം വഞ്ചിക്കപ്പെട്ടത് പച്ചക്കറി ഇനങ്ങളിലൂടെയാണ്. അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരകമായ വിഷാംശം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളെ മുഴുവന്‍ ഭീതിയുടെ നിഴലിലാക്കി മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്തതായി സ്ഥിരീകരിച്ചിരിക്കുന്നു.
മലയാളിയുടെ ഭക്ഷണ ശീലത്തില്‍ ഒഴിവാക്കാനാകാത്തതാണ് മത്സ്യം. നല്ല മീന്‍കറിയും മീന്‍ വറുത്തതും കേരളത്തിന്റെ നാടന്‍ രുചിയായി പേരെടുത്തിട്ടുണ്ട്. ടണ്‍ കണക്കിന് മത്സ്യം ചെലവാകുന്ന ഇന്ത്യയിലെ തന്നെ വലിയ വ്യാപാര മേഖലയാണ് കേരളം. അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ത്തിയ മീനുകള്‍ ഇവിടേക്ക് എത്തിക്കുന്നത്.
മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മലിന്‍. കടലില്‍ നിന്ന് കരക്കെത്തിച്ച് ദിവസങ്ങള്‍ പിന്നിടുന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിവെക്കുമ്പോള്‍ അത് ഫ്രഷ് ആണെന്ന തോന്നലുളവാക്കും. മാത്രമല്ല, അഴുകിയതോ അല്‍പം ഉടവ് സംഭവിച്ചതോ ആയ നല്ല മത്സ്യം മാറ്റിവെച്ച് ഈ ഫോര്‍മാലിനില്‍ മുങ്ങിയ മീന്‍ വാങ്ങാന്‍ പ്രേരണയുണ്ടാകും. ചെക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. എത്രയോ കാലമായി നാം ഫോര്‍മാലിനും മറ്റ് വിഷ വസ്തുക്കളും കഴിച്ചുകെണ്ടിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടേത്. അതിര്‍ത്തി കടന്നെത്തുന്ന മത്സ്യം പൂര്‍ണതോതില്‍ പരിശോധനക്ക് വിധേയമാക്കുക പ്രായോഗികമല്ലെങ്കിലും മത്സ്യമാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങളിലും ഇടക്കിടെ മിന്നല്‍ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് റോഡ് മാര്‍ഗമെത്തിക്കുന്ന വിഷമത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നു ബോട്ടുകളില്‍ എത്തിച്ച് ഇവിടത്തെ തുറമുഖങ്ങള്‍ വഴി വില്‍പന നടത്തുന്ന മത്സ്യമുണ്ട്. ഇവയില്‍ എന്തെല്ലാം വിഷാംശം അടങ്ങിയിരിക്കുന്നെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മീനിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധനകള്‍ പ്രാദേശിക ചന്തകളിലേക്കും ഫിഷ് സ്റ്റാളുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കര്‍ തീരുമാനിച്ചിട്ടുണ്ട്.
മീനില്‍ വിഷമോ മായമോ കലര്‍ത്തിയാല്‍ രണ്ട് കൊല്ലം ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാര്‍. എന്നാല്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയാ സംഘങ്ങള്‍ വിലസുന്നത്. സാധാരണ മത്സ്യത്തൊഴിലാളിയോ മത്സ്യക്കച്ചവടക്കാരനോ ഒരിക്കലും മീനില്‍ വിഷം കലര്‍ത്തില്ല. എന്നാല്‍ അവര്‍ അറിയാതെ തന്നെ അവരെക്കൊണ്ട് വിഷം കലര്‍ത്തിപ്പിക്കുകയാണ്. മീന്‍ കരയിലെത്തിയാലുടന്‍ അതില്‍ ഐസ് നിക്ഷേപിക്കണം. ഇത് മീന്‍ അഴുകിപ്പോകാതിരിക്കാന്‍ മാത്രമാണ്. എന്നാല്‍ ഈ ഐസുകട്ടക്കുള്ളില്‍ വിഷാംശങ്ങളുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശുദ്ധമായ മത്സ്യം എങ്ങനെ തിരിച്ചറിയാം എന്നതാണ് പ്രധാനം. പഴയ ആളുകള്‍, നമ്മുടെ മുത്തശ്ശിമാരൊക്കെ ഇന്നും യാതൊരു പരിശോധനയുമില്ലാതെ നല്ല മീന്‍ തിരിച്ചറിയും. ദുര്‍ഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീന്‍ വാങ്ങരുത്. എന്നാല്‍ വയറു പൊട്ടിയ മീന്‍ അത്ര ചീത്തയല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കില്‍ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീന്‍ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമര്‍ത്തി നോക്കുക, ആ ഭാഗം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളില്‍ അമോണിയയും ഫോര്‍മാലിനുമൊക്കെ കാണും. വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാനീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക. വീട്ടിലെ ഫ്രിഡ്ജില്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഐസ് കട്ടകള്‍ വിതറിയിടണം. ചെകിളയും തലയും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. മീന്‍ എത്ര കഴുകിയാലും കീടനാശിനി പോകില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാന്‍ ഉപയോഗിക്കുന്ന കീടനാശിനി മാരകവിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുമ്പ് നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂര്‍ണമായി നഷ്ടപ്പെടില്ല. കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള രാസവസ്തുവാണ് ഫോര്‍മാലിന്‍. കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്. ഫോര്‍മാലിന്‍ ദിവസവും ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ ഫ്രഷായി ഇരിക്കും. മുന്‍കാലങ്ങളില്‍ അമോണിയ ചേര്‍ത്തായിരുന്നു മത്സ്യവില്‍പന. അതിലൂടെ മത്സ്യം നാലു ദിവസം വരെ മാത്രമേ ഫ്രഷായി ഇരിക്കുകയുള്ളൂ. അതുകഴിഞ്ഞാല്‍ ഉപയോഗശൂന്യ മാകും. ഇത് തടയാന്‍ വന്‍കിട മത്സ്യ വ്യാപാരികള്‍ കണ്ടെത്തിയ മാര്‍ഗമാണ് മാംസള ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കല്‍.
കഴിഞ്ഞ ജൂലൈയില്‍ തൊടുപുഴ വണ്ണപ്പുറത്തെ മത്സ്യവിപണന കേന്ദ്രത്തില്‍ വില്‍പ്പനക്ക് വെച്ച മത്സ്യത്തില്‍ പാറ്റക്കും പല്ലിക്കും അടിക്കുന്ന ബിഗോണ്‍ എന്ന കീടനാശിനി സ്‌പ്രേ ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഈ സ്ഥാപനം പൂട്ടി സീല്‍ വെച്ചിരുന്നു.
മത്സ്യം കേടുവരാതിരിക്കുന്നതിന് ശുദ്ധമായ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ കേരളത്തില്‍ അനുവാദമില്ല. ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത് മത്സ്യം വിപണനം നടത്താന്‍ ചിലര്‍ അനുമതി തേടി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും അനുവാദം നല്‍കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിഷരഹിതമെന്ന് ഉറപ്പു വരുത്തിയെങ്കില്‍ മാത്രമേ കേരളത്തിന്റെ ഈ നിലപാട് പ്രയോജനപ്രദമാവുകയുള്ളൂ.
ശുദ്ധമായ മത്സ്യം ഉപഭോക്താക്കളുടെ അവകാശമാണ്. കര്‍ശന പരിശോധനയിലൂടെ മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പ്‌വരുത്തേണ്ടത് മത്സ്യ, ആരോഗ്യ വകുപ്പുകളുടെ ബാധ്യതയാണ്. കേരളീയര്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഊര്‍ജിതമാക്കുകയും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. മത്സ്യ മേഖലയിലും സമാന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മാര്‍ക്കറ്റുകളില്‍ മത്സ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി ഫിഷറീസ് മന്ത്രി അറിയിച്ചിരുന്നു.

chandrika: