X

കലയല്ല കവിതയല്ല ജര്‍മനി കളിച്ചു നേടിയ വിജയം

മുഹമ്മദ് ഷാഫി

ജര്‍മനി 2 സ്വീഡന്‍ 1

ഗാരി ലിനേക്കറുടെ പ്രസിദ്ധമായ ആ വാചകം ‘ഫുട്‌ബോള്‍ ഒരു ലളിതമായ ഗെയിമാണ്. ഇരുപത്തിരണ്ട് ആണുങ്ങള്‍ 90 മിനുട്ട് പന്തിനു പിന്നാലെ ഓടുന്നു. ഒടുവില്‍ എല്ലായ്‌പോഴും ജര്‍മനി വിജയിക്കുന്നു’ സമ്മര്‍ദമേറിയ ഒരു ലോകകപ്പ് മൈതാനത്ത് അത്ഭുതകരമായി പുലരുന്നത് കാണാനുണ്ടായ അവസരം എന്റെ കളികാണല്‍ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായിരുന്നു. ലോകകപ്പിലെ വന്‍മരമായ ജര്‍മനി തോറ്റു കാണുന്നതിനു വേണ്ടിയായിരിക്കണം അവരുടേതല്ലാത്ത എല്ലാ ആരാധകരും ടെലിവിഷനു മുന്നില്‍ ഉറക്കമിളച്ച് ഇരിപ്പുറപ്പിച്ചത്. അന്തിമ മിനുട്ടില്‍ ടോണി ക്രൂസ് നേടിയ, സംശയലേശമന്യേ ഈ ലോകകപ്പിലെ ഏറ്റവും മികച്ച, ഗോളില്‍ ജര്‍മനി ജയിച്ചപ്പോള്‍ അര്‍ജന്റീനയെ ഇഷ്ടപ്പെടുന്ന എനിക്ക് തരിമ്പും നിരാശയുണ്ടായിരുന്നില്ല. മാത്രവുമല്ല, ആ മത്സരം ജര്‍മനി വിജയിച്ചില്ലായിരുന്നുവെങ്കില്‍ ആലോചിച്ചു നോക്കൂ, എത്രമാത്രം വിരസവും ദുര്‍ബലവും ആവേശരഹിതവുമാകുമായിരുന്നു ഈ ലോകകപ്പിന്റെ ഇനിയുള്ള നാളുകള്‍!

ഗ്രൂപ്പ് എഫില്‍ സ്വീഡനെതിരായ ജീവന്മരണ പോരാട്ടത്തിന് ടീമിനെ ഒരുക്കുമ്പോള്‍ ജോക്കിം ലോയുടെ മനസ്സില്‍ വാശിയേക്കാള്‍ പരാജിതനായി നാട്ടിലേക്ക് വിമാനം കയറുന്ന കോച്ചാകുമല്ലോ താന്‍ എന്ന ഭീതിയായിരിക്കണം ഉണ്ടായിരുന്നത്. ലിറോയ് സാനെയെ നിഷ്‌കരുണം ടീമില്‍ നിന്ന് പുറത്താക്കാന്‍ കാണിച്ച മനസ്ഥൈര്യം ഇന്നലെ പ്ലെയിങ് ഇലവനെ നിശ്ചയിക്കുമ്പോഴും അയാള്‍ പുലര്‍ത്തി. മസൂദ് ഓസില്‍, സമി ഖദീറ, മാറ്റ് ഹമ്മല്‍സ് എന്നീ പ്രമുഖരെ പുറത്തിരുത്തി. ഡിഫന്‍സീവ് മിഡ്ഡില്‍ ടോണി ക്രൂസിനൊപ്പം കളിക്കാന്‍ ഇല്‍കേ ഗുണ്ടോഹനെ ബെഞ്ചിലിരുത്തി ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത സെബാസ്റ്റ്യന്‍ റൂഡിക്ക് അവസരം നല്‍കി. ഇടതു ബാക്ക് വിങ്ങില്‍ പ്ലേറ്റന്‍ഹാര്‍ട്ടിനെ മാറ്റി യൊനാസ് ഹെക്ടറിനെ പരീക്ഷിച്ചതു മനസ്സിലാക്കാം; പക്ഷേ, ഓസിലിന്റെ പൊസിഷനില്‍ മാര്‍ക്കോ റുയിസ് എത്രമാത്രം വിജയിക്കുമെന്നതില്‍ സംശയമുണ്ടായിരുന്നു. പക്ഷേ, കളി തീര്‍ന്നപ്പോള്‍ എന്റെ രണ്ട് സംശയങ്ങളും റൂഡി, റൂയിസ് തകര്‍ന്നുതരിപ്പണമായി.

നാലംഗ പ്രതിരോധത്തിന്റെ മര്‍മഭാഗത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം നില്‍സണ്‍ ലിന്‍ഡലോഫിനെ പ്രതിഷ്ഠിച്ചതായിരുന്നു സ്വീഡിഷ് ഗെയിം പ്ലാനിലെ പ്രധാന മാറ്റം. കൊറിയക്കെതിരെ കളിച്ച 442 ഫോര്‍മേഷന്‍ തന്നെയാണ് ചാമ്പ്യന്മാര്‍ക്കെതിരെയും അവര്‍ അവലംബിച്ചത്. ഈ മത്സരത്തില്‍ നിന്ന് ഒരു പോയിന്റെങ്കിലും സ്വന്തമാക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പക്ഷേ, മെക്‌സിക്കോ ഒന്നാം മത്സരത്തില്‍ കാണിച്ചതുപോലെ ഒരു അത്ഭുതം അവര്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് തുടക്കത്തിലെ കളിയില്‍ നിന്നു വ്യക്തമായി. ജര്‍മനി സ്ഥിരം ശൈലിയില്‍ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി ആക്രമണം നയിച്ചപ്പോള്‍ പ്രത്യാക്രമണങ്ങളിലായിരുന്നു സ്വീഡന്റെ കണ്ണ്. പ്രതിരോധിക്കുമ്പോള്‍ പോലും തൊയ്‌വേനനും മാര്‍ക്കസ് ബര്‍ഗും മധ്യവട്ടത്തിനു ചുറ്റുവട്ടത്തുമായി നില്‍ക്കാന്‍ ശ്രദ്ധിക്കുന്നത് കാണാമായിരുന്നു.

തുടക്കംമുതല്‍ കളി നിയന്ത്രിച്ച ജര്‍മനി പ്രതീക്ഷിച്ചതു പോലെ എതിര്‍ബോക്‌സിനു ചുറ്റും പഴുതുകള്‍ തേടി ആക്രമിച്ചു കൊണ്ടിരുന്നു. പലതവണ ലക്ഷ്യം കാണുന്നതിനു തൊട്ടടുത്തെത്തിയപ്പോള്‍ അവരുടെ പിന്‍നിരയും ആക്രമണത്തില്‍ പങ്കുചേരാനുള്ള ആവേശം കാണിച്ച് മധ്യവര മുറിച്ചുകടന്നു. ജര്‍മനി പ്രസ്സിങ് ശക്തമാക്കിയ അരമണിക്കൂര്‍ സമയത്തില്‍ തന്നെ അതുസംഭവിച്ചു; കളിയുടെ ഗതിക്ക് വിപരീതമായി സ്വീഡന്റെ ഗോള്‍. പരിചയ സമ്പന്നനായ ടോണി ക്രൂസിന്റെ പിഴവാണ് അതിലേക്കുള്ള വഴിതുറന്നത്. മൈതാനമധ്യത്ത് ക്രൂസിന്റെ പാസ് ബ്രേക്ക് ചെയ്ത മാര്‍ക്കസ് ബെര്‍ഗ് പന്ത് തന്റെ മുന്നിലുള്ള ക്ലാസന് കൈമാറുന്നു. പിന്നോട്ടിറങ്ങിയ ക്രൂസിനും റൂഡിഗര്‍ക്കുമിടയിലൂടെ ഓടിക്കയറുന്ന തൊയ്‌വോനനെ കണ്ട ക്ലാസന്‍ ബോക്‌സിലേക്കൊരു ഹൈബോള്‍ കളിക്കുന്നു. ഉയരക്കാരനായ തൊയ്‌വോനനെ കൈകാര്യം ചെയ്യാന്‍ ഉയരക്കാരനായ റൂഡിഗര്‍ക്കു വിട്ടുകൊടുത്ത് ക്രൂസ് പിന്മാറുന്നു. പക്ഷേ, തൊയ്‌വോനന്റെ ഫസ്റ്റ് ടച്ചും സെക്കന്റ് ടച്ചും ലോകോത്തരമായിരുന്നു. ഏറെ സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാനുവല്‍ നോയറെ പോലും സ്തബ്ധനാക്കി രണ്ടാം ടച്ചില്‍ തൊയ്‌വോനന്‍ പന്ത് വലയിലേക്ക് തൂക്കിയിറക്കി. രണ്ടാം ടച്ചില്‍ തൊയ്‌വോനന്‍ പന്ത് കണ്‍ട്രോള്‍ ചെയ്യുമെന്നോ ഷോട്ടെടുക്കുമെന്നോ റൂഡിഗര്‍ മുന്‍കൂട്ടിക്കണ്ടിരുന്നില്ല; അതിന് അയാളെ കുറ്റം പറയാനും കഴിയില്ല. പോസ്റ്റിലേക്കു നോക്കാതെ വായുവില്‍ നിന്ന് പന്ത് ഉയര്‍ത്തിവിടാന്‍ തൊയ്‌വോനന്‍ കാണിച്ച സാമര്‍ത്ഥ്യത്തിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍.

ജര്‍മന്‍ മിഡ്ഫീല്‍ഡില്‍ അതുവരെ എണ്ണയിട്ട യന്ത്രംപോലെ കളിച്ച റൂഡി തൊട്ടുമുമ്പായിരുന്നു പിന്മാറിയത്. പകരംവന്ന ഗുണ്ടോഹന് കളിയില്‍ ഇടപെടാന്‍ കഴിയുംമുമ്പ് ജര്‍മനി പിന്നിലായിക്കഴിഞ്ഞു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളാകട്ടെ ആദ്യപകുതിയില്‍ അവരെ ചകിതരാക്കി. സ്വീഡന് കിട്ടിയ മുന്‍തൂക്കമാകട്ടെ അവരുടെ ആത്മവിശ്വാസം ആകാശംമുട്ടേ ഉയര്‍ത്തി. ആദ്യപകുതിയുടെ ഇടവേള ഇല്ലായിരുന്നെങ്കില്‍ ജര്‍മനി കളി തോല്‍ക്കുക തന്നെ ചെയ്‌തേനെ.

ഇടവേളയില്‍ മനസ്ഥൈര്യം വീണ്ടെടുക്കാന്‍ ജോക്കിം ലോ തന്റെ ടീമിന് നല്‍കിയ ഉപദേശം എന്താണെന്നറിയില്ല. പക്ഷേ, രണ്ടാം പകുതിക്കിറങ്ങുമ്പോള്‍ അവസാനരക്തവും ചിന്തുംവരെ തങ്ങള്‍ പൊരുതുമെന്ന ഉറപ്പിലായിരുന്നു ജര്‍മന്‍ താരങ്ങള്‍. ഡ്രാക്സ്ലറെ മാറ്റി മരിയോ ഗോമസിനെ ഇറക്കിയപ്പോള്‍ തന്നെ, ബോക്‌സില്‍ സ്വീഡന് തലവേദന ഒഴിയില്ലെന്നുറപ്പായി. അസാമാന്യമായ ഹൈപ്രസ്സ് ഗെയിമാണ് 46ാം മിനുട്ടു മുതല്‍ അവര്‍ കളിച്ചത്. രണ്ടുമിനുട്ടിനുള്ളില്‍ തന്നെ ഫലം ലഭിക്കുകയും ചെയ്തു. ഇടതുവിങില്‍ നിന്ന് വെര്‍നര്‍ നല്‍കിയ ക്രോസില്‍, അബദ്ധത്തില്‍ സംഭവിച്ചതായാല്‍ പോലും ഗോമസിന്റെ ഫുട്ട്‌വര്‍ക്കിനാണ് ആ ഗോളിന്റെ പകുതിമാര്‍ക്കും നല്‍കേണ്ടത്. പന്തിനെ ബോക്‌സിന്റെ കൃത്യം മധ്യത്തിലേക്ക് കടത്തിവിടുന്നതിനൊപ്പം അതുവരെ അചഞ്ചലനായി നിന്ന ഗ്രാന്‍ക്വിസ്റ്റിനെ തനിക്കൊപ്പം നിലത്തുവീഴ്ത്താനും അയാള്‍ക്കായി. റൂയിസിന്റെ ഫസ്റ്റ് ടൈം ഫിനിഷ് ഗോള്‍കീപ്പര്‍ക്ക് അനങ്ങാന്‍ പോലുമുള്ള സമയം ലഭിച്ചില്ല.

സമനില ഗോള്‍ വന്നതോടെ തന്നെ ജര്‍മനി മാനസികമായി ജയിച്ചു കഴിഞ്ഞിരുന്നു. പിന്നീട് തുടരെ തുടരെ ആക്രമണങ്ങള്‍; അതിനൊപ്പം അവസരങ്ങളും. ആദ്യപകുതിയില്‍ സംഭവിച്ച പ്രതിരോധ അബദ്ധം ഇനിയുണ്ടാകാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തി. എല്ലാവരെയും സ്വന്തം ഹാഫിലേക്കു വിളിച്ച് സമനിലക്കു വേണ്ടി പോരാടുക എന്ന സ്വീഡിഷ് കോച്ച് ആന്റേഴ്‌സന്റെ തന്ത്രം കാര്യങ്ങള്‍ ചാമ്പ്യന്മാര്‍ക്ക് എളുപ്പമാക്കി. തുടര്‍ച്ചയായ പ്രസ്സിങിനിടെ ജര്‍മനിയില്‍ നിന്ന് വീണ്ടെടുക്കുന്ന പന്തുകളില്‍ അതിവേഗ പ്രത്യാക്രമണം നയിക്കാന്‍ പാകത്തില്‍ സ്വീഡിഷ് കളിക്കാര്‍ മൈതാനമധ്യത്തിലോ വശങ്ങളിലോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും കൗണ്ടര്‍ അറ്റാക്കിനു കോപ്പുകൂട്ടുമ്പോഴാകട്ടെ, റീഗ്രൂപ്പ് ചെയ്യാന്‍ ജര്‍മന്‍ ഡിഫന്‍സിന് ആവശ്യമായ സമയം ലഭിക്കുകയും ചെയ്തു. ജര്‍മന്‍ നിരയില്‍ ഇന്നലത്തെ മോശം പ്രകടനക്കാരിലൊരാളായ ബോട്ടങ് 82ാം മിനുട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ടതെങ്കിലും ഉപയോഗപ്പെടുത്താന്‍ സ്വീഡന് കഴിയേണ്ടിയിരുന്നു. പക്ഷേ, സമനില മോഹിച്ച് അവരതിന് മുതിര്‍ന്നില്ല.

അന്തിമ ഘട്ടത്തിലെ ടോണി ക്രൂസിന്റെ ആ ഗോള്‍! ലോകകപ്പിലെ മികച്ച ഗോളായി ഞാനതിന് വോട്ട് ചെയ്യുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്. 1. ആ ആംഗിളില്‍ കിട്ടുന്ന ഫ്രീകിക്ക് വലയിലെത്തിക്കാന്‍ കഴിയുമെന്ന ക്രൂസിന്റെ ആത്മവിശ്വാസം. 2. ആംഗിള്‍ കുറച്ചുകൂടി കൃത്യമായി കിട്ടുന്നതിനു വേണ്ടി റൂയിസുമായി നടത്തിയ ആസൂത്രണം. 3. അത്ര അടുത്തുനിന്ന് പ്രതിരോധക്കാരുടെ തലകള്‍ക്കു മുകളിലൂടെ പന്തടിച്ചു കയറ്റാന്‍ ഒരേ ഒരിടമേ പോസ്റ്റില്‍ ഒഴിഞ്ഞതായി ഉണ്ടായിരുന്നുള്ളൂ. അവിടേക്കു തന്നെ, പന്തിന് ആവശ്യമായ അളവില്‍ മാത്രം വേഗതയും വളവും നല്‍കി ക്രൂസ് അടിച്ചുകയറ്റി. പ്രതിഭയും പരിചയ സമ്പത്തും ഭാഗ്യവും കൂടിച്ചേര്‍ന്ന അത്ഭുത ഗോള്‍. അതും, ഒരു മിനുട്ട് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള പടിയില്‍ നില്‍ക്കേണ്ടി വരുമായിരുന്ന സന്ദര്‍ഭത്തില്‍ നേടിയ മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗോള്‍.

അവസാനം ആലോചിക്കുമ്പോള്‍ ജര്‍മനി രണ്ടാം പകുതിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണപദ്ധതിയാണ് അവരെ രക്ഷിച്ചത്. അതിനനുസൃതമായ കളിക്കാരും അവരുടെ സന്നദ്ധതയും ജോക്കിം ലോയ്ക്കുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി, പ്രതിരോധത്തിലൂന്നാനുള്ള ഒരു ടീമിന്റെ പദ്ധതി അവസാന നിമിഷം പൊളിക്കാന്‍ ക്ഷമയോടെ, നന്നായി കളിച്ച ടീമിനായി. അതുകൊണ്ട് ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്ന് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കഴിയുകയും ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: