X

കൊളംബിയ; അത് പന്തുകളിയായിരുന്നില്ല ഒരു പെയിന്റിങ്ങായിരുന്നു

മുഹമ്മദ് ഷാഫി

പോളണ്ട് 0 കൊളംബിയ 3

ടാക്ടിക്കല്‍ ഫുട്‌ബോളിന്റെ വസന്തം; ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഭാരമുള്ള ഹോസെ പെക്കര്‍മാന്റെ കൊളംബിയ പോളണ്ടിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച മത്സരത്തിന് ഇതില്‍പ്പരമൊരു വിശേഷണം ചേരുമെന്ന് തോന്നുന്നില്ല. പെക്കര്‍മാന്‍ വരച്ചുനല്‍കിയ സ്‌കെച്ചിന് ഏറ്റവും ഉചിതമായ നിറങ്ങള്‍ നല്‍കി മനോഹരമായൊരു പെയിന്റിങ് സൃഷ്ടിച്ചെടുക്കുകയായിരുന്നു നീലക്കുപ്പായത്തില്‍ കളിച്ച കൊളംബിയന്‍ കളിക്കാര്‍ ഇന്ന് കസാന്‍ അറേനയില്‍. ഗാലറിയിലുണ്ടായിരുന്ന റെനെ ഹിഗ്വിറ്റക്കും കാര്‍ലോസ് വാള്‍ഡറമക്കും മുന്നില്‍ ഇതിലും ഭംഗിയായി എങ്ങനെയാണ് അവരുടെ പിന്മുറക്കാര്‍ക്ക് കളിക്കാന്‍ കഴിയുക?

ജപ്പാനുമായുള്ള കൊളംബിയയുടെ തോല്‍വിക്കു കാരണം നാലാം മിനുട്ടില്‍ ചുവപ്പു കാര്‍ഡിനാല്‍ നഷ്ടമായ ഒരംഗത്തിന്റെ കുറവ് മാത്രമായിരുന്നു എന്നേ ഞാന്‍ എന്നും വിശ്വസിക്കൂ. അതോടെ ഇന്നത്തെ മത്സരം അവര്‍ക്ക് ജീവന്മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച 4231 ഫോര്‍മേഷനില്‍, ലഭ്യമായ തന്റെ എല്ലാ മികച്ച പടയാളികളെയും അണിനിരത്തിയാണ് പെക്കര്‍മാന്‍ ടീമിനെ ഒരുക്കിയത്. ഒറ്റ മത്സരം കൊണ്ടുതന്നെ മനംകവര്‍ന്ന ക്വിന്റേറോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹാമിസ് റോഡ്രിഗസിനെ അയാള്‍ക്കത്ര പ്രിയമില്ലാത്ത ഇടതു മിഡ്ഫീല്‍ഡറായി വിന്യസിക്കാന്‍ വരെ അദ്ദേഹം തയ്യാറായി. ഹാമിസും ക്വഡ്രാഡോയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ക്വിന്റേറോ ആയിരുന്നു ഞാനും നോട്ടമിട്ട കളിക്കാരന്‍. സ്‌െ്രെടക്കറായി ഫാല്‍ക്കാവോ. തൊട്ടുപിന്നില്‍ ക്വഡ്രാഡോ, ക്വിന്റേറോ, ഹാമിസ് എന്നിവരടങ്ങുന്ന മധ്യനിര. ഇതായിരുന്നു ആക്രമണ പ്ലാന്‍. രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും നാല് ഡിഫന്റര്‍മാരും. മുറിയ്യോക്ക് പകരം സെന്‍ട്രല്‍ ഡിഫന്‍സില്‍ യെറി മിന വന്നു.

സെനഗലിനോട് തോറ്റ പോളണ്ടിന്റെ പ്ലാനുകള്‍ അവരുടെ സ്റ്റാര്‍ സ്‌െ്രെടക്കര്‍ ലെവന്‍ഡവ്‌സ്‌കിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഗോള്‍ ഏരിയയില്‍ ലെവന്‍ഡവ്‌സ്‌കിക്ക് പന്തെത്തും വിധത്തില്‍ 32221 എന്ന രീതിയിലായിരുന്നു വിന്യാസം.

വലതുഭാഗം കേന്ദ്രീകരിച്ചുള്ള കൊളംബിയന്‍ ആക്രമണത്തില്‍ പതിവുപോലെ ക്വഡ്രാഡോ ആയിരുന്നു ‘കാണപ്പെട്ട’ പ്രധാന താരം. വലതു വിങ്ബാക്ക് അരിയാസിന്റെയും ഹോള്‍ഡര്‍ അഗ്വിലാറിന്റെയും ക്വിന്റേറോയുടെയും പിന്തുണ കിട്ടിയതോടെ ആ വഴിക്ക് കൊളംബിയ ആക്രമണമാരംഭിച്ചു. എതിര്‍ഹാഫില്‍ വിള്ളലുണ്ടാക്കി പാസ് ചെയ്തും കളിക്കാരുടെ പ്രത്യേകിച്ച് മിഡ്ഫീല്‍ഡര്‍മാരുടെ വ്യക്തിഗത മികവ് ഉപയോഗപ്പെടുത്തിയും കൊളംബിയ കളിച്ചപ്പോള്‍ വ്യക്തമായും ആധിപത്യം അവര്‍ക്കായി. പന്തിനൊപ്പമുള്ള നൃത്തച്ചുവടുകളുമായി ഡിഫന്റര്‍മാരെ വിഷമിപ്പിച്ച ക്വഡ്രാഡോയ്‌ക്കൊപ്പം ക്വിന്റേറോയുടെ പ്രായോഗിക മികവുമുണ്ടായിരുന്നു. പോളിഷ് ഡിഫന്‍സിന്റെ മതില്‍ പൊളിച്ച് ബോക്‌സിനുള്ളിലേക്ക് ക്വിന്റേറോ ഒരു പാസ് നല്‍കിയതോടെ പോളണ്ടിന് ഇന്ന് രക്ഷയില്ലെന്ന് എനിക്കുറപ്പായി; ആ പാസ് ഗോളാക്കാന്‍ അഗ്വിലാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഗ്വിലാര്‍ക്ക് പരിക്കുകാരണം കയറേണ്ടി വന്നെങ്കിലും പകരമെത്തിയ ഉറിബെ ആ റോള്‍ ഭംഗിയായി ഏറ്റെടുത്തു.

വലതുവശത്ത് കേന്ദ്രീകരിച്ച കളി ഒന്നുകൂടി കൊഴുപ്പിക്കാന്‍ മറുവശത്തുനിന്ന് ഹാമിസും ഇടക്കിടെ വന്നതോടെ എതിര്‍ ഗോള്‍മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്‍ പരന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഹാമിസ് പന്തിന്മേല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്ന് തോന്നി. കൊളംബിയന്‍ ചെറുപ്പക്കാര്‍ക്കെതിരെ പ്രായക്കൂടുതലുള്ള പോളണ്ട് പിന്‍നിര ഏറെ പണിപ്പെട്ടാണ് പ്രതിരോധം തീര്‍ത്തത്. അതേസമയം, പന്ത് കിട്ടുമ്പോഴൊക്കെ അത് ലെവന്‍ഡവ്‌സ്‌കിക്ക് എത്തിച്ചുകൊടുക്കുക എന്ന അവരുടെ പദ്ധതി മിക്കപ്പോഴും മൈതാനമധ്യത്തു തന്നെ മുറിക്കപ്പെട്ടു. ഹാമിസ് മധ്യത്തിലേക്കു നീങ്ങിയപ്പോള്‍ വന്ന വലതുവശത്തെ ഗ്യാപ്പിലൂടെയാണ്‌പോളണ്ട് ആക്രമിച്ചത്. ഉയരക്കാരായ യെറി മിനയും സാഞ്ചസും ലെവന്‍ഡവ്‌സ്‌കിയെ നന്നായി മാര്‍ക്ക് ചെയ്യുന്നതില്‍ വിജയിച്ചു. മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് 60ാം മിനുട്ടിലോ മറ്റോ ലെവന്‍ഡവ്‌സ്‌കിക്ക്, ഭീഷണിയുയര്‍ത്തുംവിധം ബോക്‌സില്‍വെച്ച് ലോങ്‌ബോള്‍ കളക്ട് ചെയ്യാന്‍ കഴിഞ്ഞത്. ഓസ്പിന്യ അത് വിഫലമാക്കുകയും ചെയ്തു.

പാസിങ് അറ്റാക്കിങ് ഫുട്‌ബോളില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ സൗന്ദര്യവുമുള്ള ഗോളോടെയാണ് കൊളംബിയ അക്കൗണ്ട് തുറന്നത്. അതിനുവേണ്ടി, അനാവശ്യ ഷോട്ടുകളൊന്നുമില്ലാതെ അവര്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ക്വിന്റേറോയുടെ മറ്റൊരു ഡിഫന്‍സ്‌സ്പ്ലിറ്റിങ് പാസായിരുന്നു അതിന്റെ മര്‍മം. ക്വഡ്രാഡോ എടുത്ത ഷോര്‍ട്ട് കോര്‍ണര്‍ ബോക്‌സിനു പുറത്തുവെച്ച് സ്വീകരിച്ച ക്വിന്റേറോ പ്രതിരോധക്കാര്‍ക്ക് പിടിനല്‍കാതെ, വലതുവശത്തുകൂടി ബോക്‌സിലേക്കു കയറിയ ഹാമിസിന് ഒരു ത്രൂ പാസ് നല്‍കി. ഗോളിന് സമാന്തരമായി ഹാമിസ് ഉയര്‍ത്തിവിട്ട പന്ത് യെറി മിനയുടെ തലയ്ക്കു പാകത്തിനായിരുന്നു. ഗോള്‍കീപ്പര്‍ ചെസ്‌നിക്ക് അവസരം നല്‍കാതെ മിന പന്ത് വലയിലേക്ക് കുത്തിയിട്ടു.

റഡമല്‍ ഫാല്‍ക്കാവോയുടെ കന്നി ലോകകപ്പ് ഗോളിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ക്വിന്റേറോ തന്നെ. നാല് പ്രതിരോധക്കാര്‍ മുന്നിലുണ്ടായിരിക്കെ, ഫാല്‍ക്കാവോയെ കൃത്യമായി കണ്ടെത്തിയുള്ള അളന്നുമുറിച്ച പാസ്. ചെസ്‌നിക്ക് അവസരം നല്‍കാതെ ഗോളടിക്കാന്‍ ഫാല്‍ക്കാവോക്ക് പണിപ്പെടേണ്ടി വന്നില്ല. 73ാം മിനുട്ടില്‍ ഡിഫന്‍സീവ് ആയി കളിക്കുന്ന ലെര്‍മയെ ഇറക്കി പെക്കര്‍മാന്‍ ക്വിന്റേറോയെ പിന്‍വലിച്ചത് അയാള്‍ക്ക് പരിക്കേല്‍ക്കരുത് എന്ന ചിന്തകൊണ്ടാവണം. ഏതായാലും, അധികം വൈകാതെ തന്നെ ഹാമിസിന്റെ മനോഹരമായൊരു പാസ് ഓടിപ്പിടിച്ചെടുത്ത് ഗോളടിച്ച് ക്വഡ്രാഡോ സ്‌കോര്‍ഷീറ്റില്‍ തന്റെ പേര് ചേര്‍ക്കുകയും മത്സരം പൂര്‍ണമായി തങ്ങളുടേതാക്കുകയും ചെയ്തു.

എണ്‍പത് മിനുട്ടാവും മുമ്പ് മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളും ഉപയോഗിച്ചുകഴിഞ്ഞ പെക്കര്‍മാന്‍, ഗോള്‍കീപ്പര്‍ ഓസ്പിന്യക്ക് പരിക്കേറ്റതോടെ അങ്കലാപ്പിലായിരുന്നു. എന്നാല്‍, വയ്യാത്ത കാലുമായി കളിതുടരാന്‍ സമ്മതിച്ച ഓസ്പിന്യ തന്റെ സന്നദ്ധത വെളിപ്പെടുത്തി. ലെവന്‍ഡ്‌സ്‌കിയുടെ കിടിലനൊരു ലോങ് റേഞ്ചര്‍ പറന്നുയര്‍ന്ന് കുത്തിയകറ്റിയ ഓസ്പിന്യ പോളണ്ടുകാരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുകയും ചെയ്തു.

പരിമിത വിഭവങ്ങള്‍ മാത്രമുള്ള പോളണ്ടുകാര്‍ക്ക് ഇത്ര സമഗ്രതയോടെ കല്‍ക്കുന്ന ടീമിനെതിരെ എങ്ങനെ കളിക്കണമെന്ന ഐഡിയയുണ്ടായിരുന്നില്ല. രണ്ടാം പകുതിക്കിറങ്ങിയപ്പോള്‍ അവര്‍ മധ്യനിരയില്‍ പാസ് ചെയ്ത് കളിക്കാന്‍ തുടങ്ങിയെങ്കിലും അവ പൊളിക്കാന്‍ കൊളംബിയക്ക് അധികം പണിപ്പെടേണ്ടി വന്നില്ല.

ആക്രമിച്ച് ഗോള്‍ നേടുക, പന്തിന്മേല്‍ നിയന്ത്രണം പുലര്‍ത്തി എതിരാളികളെ തളര്‍ത്തുക, സഹികെട്ട് എതിര്‍ടീം മുന്നോട്ടുകയറുമ്പോള്‍ ക്ഷണവേഗത്തില്‍ ആക്രമിച്ച് ഗോള്‍ വര്‍ധിപ്പിക്കുക ഇതായിരുന്നു പെക്കര്‍മാന്റെ പ്ലാന്‍. അത് പ്രാവര്‍ത്തികമാക്കാന്‍ ചെറുപ്പക്കാരും പ്രതിഭകളുമായ മിഡ്ഫീല്‍ഡര്‍മാര്‍ അദ്ദേഹത്തിനുണ്ട്. മിക്കപ്പോഴും 2006ലെ അര്‍ജന്റീനയെ ഓര്‍മിപ്പിച്ച കൊളംബിയ ലോകകപ്പില്‍ ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അന്നത്തെ റിക്വല്‍മിക്കു പകരം ഇന്ന് ഒന്നിലധികം മിഡ്ഫീല്‍ഡര്‍മാരാണ് കളി നിയന്ത്രിക്കുന്നത് എന്നൊരു പ്രകടമായ വ്യത്യാസമാണ് കൊളംബിയയുടെ കളിയുടെ ഹൈലൈറ്റ്.

പിന്‍കുറി: ഇതോടെ എല്ലാ ഗ്രൂപ്പിലെയും രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. നാളെ മുതല്‍ നിര്‍ണായകമായ മൂന്നാം റൗണ്ട്. ഒരേസമയം രണ്ട് കളി നടക്കുന്നു എന്നതിനാല്‍ എങ്ങനെ രണ്ടുംകൂടി കാണും എന്നൊരു വിഷമം മാത്രം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: