X

കൊളംബിയയുടെ പതനം പെക്കര്‍മാന്റെ ശൈലീദോഷമാണ്‌

മുഹമ്മദ് ഷാഫി

കൊളംബിയ 1 (3) – ഇംഗ്ലണ്ട് 1 (4)

#COLENG

പ്രിയപ്പെട്ട ടീം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഷൂട്ടൗട്ടില്‍ കൊല്ലപ്പെടുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. അര്‍ജന്റീന പുറത്തായപ്പോള്‍ (അതിനു മുമ്പുതന്നെ) കൊളംബിയക്കൊപ്പം കൂടാന്‍ കാരണം അവരുടെ കൗശലക്കാരനായ ഹോസെ പെക്കര്‍മാന്‍ എന്ന പരിശീലകനായിരുന്നു. പക്ഷേ, കളിക്കൊപ്പം കളിബാഹ്യമായ കാര്യങ്ങളും അവസാനം ഷൂട്ടൗട്ടും കാര്യങ്ങള്‍ തീരുമാനിക്കുന്ന മത്സരങ്ങളില്‍ കോച്ച് എത്ര തന്ത്രശാലിയാണെങ്കിലും ഭാഗ്യമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഓത്ക്രിതി അറേനയിലും അതുതന്നെ സംഭവിച്ചു.

ഹാമിസ് റോഡ്രിഗസിന്റെ അഭാവം പെക്കര്‍മാനെ എത്രമാത്രം ഹതാശനാക്കി എന്നതിന്റെ തെളിവായിരുന്നു ഇത്തവണ ആദ്യമായി അദ്ദേഹം പരീക്ഷിച്ച 4-3-3 ലൈനപ്പ്. ചെറുപ്പക്കാരും അതിവേഗക്കാരുമായ ഇംഗ്ലീഷുകാരെ തടയാന്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കേണ്ടി വരുമെന്നും നിയന്ത്രണം പിടിച്ചെടുക്കുക എന്നതിനേക്കാള്‍ കാത്തിരുന്നു കളിക്കുകയാവും ഉചിതമെന്നുമായിരുന്നു സങ്കല്‍പം. മുന്‍മത്സരങ്ങളില്‍ കൊളംബിയയുടെ കളിശൈലിയുടെ ഹൃദയമായി വര്‍ത്തിച്ച മൂന്നംഗ അറ്റാക്കിങ് മിഡ്ഫീല്‍ഡ് എന്ന ശൈലി തന്നെ ഉപേക്ഷിച്ചു കൊണ്ടുള്ള ഈ തീരുമാനം പ്രീക്വാര്‍ട്ടര്‍ പോലുള്ള ഡു ഓര്‍ ഡൈ മത്സരങ്ങളില്‍ നിര്‍ണായകവുമായിരുന്നു. ഇംഗ്ലണ്ട് കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് 3-1-4-2 എന്ന സുരക്ഷിത സമവാക്യം തന്നെ പുലര്‍ത്തി.

മധ്യനിരയില്‍ സ്വാതന്ത്ര്യമുള്ള ഒരു മിഡ്ഫീല്‍ഡ് ജനറലായി വര്‍ത്തിക്കുമ്പോള്‍ നന്നായി കളിക്കാറുള്ള ഹുവാന്‍ഫര്‍ ക്വിന്റേറോയെ നമ്പര്‍ 10 റോള്‍ ഏല്‍പ്പിച്ചത്, അതും ഹൈബോളുകളും ഗ്രൗണ്ട് ബോളുകളും ഒരേപോലെ കളിക്കാന്‍ കഴിയുന്ന ഇംഗ്ലണ്ടിനെതിരെ അത്ര നല്ലതായി തോന്നിയില്ല. ക്വഡ്രാഡോ-ഫാല്‍ക്കാവോ ഡബിള്‍ അറ്റാക്കിന് പന്തെത്തിക്കുകയായിരുന്നു ക്വിന്റേറോയുടെ ചുമതലയെങ്കിലും സ്ഥാനംവിട്ടു കയറാത്ത ഇംഗ്ലീഷ് ഡിഫന്‍സ് ആ പദ്ധതിയുടെ മുന തുടക്കത്തിലേ ഒടിച്ചു. ഫലം ക്വിന്റേറോക്ക് പതിവുപോലെ ഡീപ്പിലേക്ക് ഇറങ്ങേണ്ടി വരികയും ആക്രമണത്തിന്റെ ബലം കുറയുകയും ചെയ്തു. സ്‌പേസ് എടുത്ത് കളിക്കുന്ന ക്വഡ്രാഡോയുടെ ചടുലതയെക്കൂടി പെക്കര്‍മാന്റെ ഈ നീക്കം ബാധിച്ചു. ഫാല്‍ക്കാവോക്കാവട്ടെ സ്ഥാനം വിട്ടുകയറാത്ത എതിര്‍ ഡിഫന്‍സ് സ്വാതന്ത്ര്യം ലഭിച്ചതേയില്ല.

ഹാരി കെയ്ന്‍ – സ്റ്റെര്‍ലിങ് – ലിംഗാര്‍ഡ് ത്രയം തുടക്കം മുതല്‍ക്കുതന്നെ ഇംഗ്ലണ്ടിന് പന്തിന്മേല്‍ ആധിപത്യം നല്‍കി. പക്ഷേ, പെക്കര്‍മാന്‍ ഉദ്ദേശിച്ചതു പോലെ കൊളംബിയയുടെ വിത്ഡ്രവിങ് മിഡ്ഫീല്‍ഡര്‍മാര്‍ അവരുടെ ജോലി ഏറെക്കുറെ ഭംഗിയായി നിറവേറ്റി. ഹാരി കെയ്‌നിനെ ബോക്‌സില്‍ കണ്ടെത്തുന്ന ക്രോസുകള്‍ കൊളംബിയന്‍ ബോക്‌സില്‍ അപകടമുണ്ടാക്കുകയും കോര്‍ണറുകള്‍ ലഭിക്കുകയും ചെയ്‌തെങ്കിലും ഇംഗ്ലണ്ട് പിന്നീട് ആ ശൈലി തുടരാന്‍ ശ്രമിക്കാത്തത് അത്ഭുതപ്പെടുത്തി. അതേസമയം, കയറിക്കളിക്കുന്ന വിങ്ബാക്കുകളായിരുന്നു കൊളംബിയന്‍ ആക്രമണത്തിലെ പ്രധാന ഘടകം. പ്രത്യേകിച്ചും ഇടതുഭാഗത്തു നിന്ന് ഓടിക്കയറുന്ന യൊഹാന്‍ മൊഹിക്ക. മൊഹിക്ക പന്തുമായി മുന്നോട്ടു കയറുമ്പോള്‍ ഹോള്‍ഡിങ് ഹാഫ് ആയ ലെര്‍മ അയാളുടെ പൊസിഷന്‍ കവര്‍ ചെയ്യുന്നത് കാണാമായിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമുകളും വളരെ സൂക്ഷിച്ചാണ് കളിച്ചത്. ഗോളടിക്കുന്നതിനേക്കാള്‍ അടിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു കൊളംബിയന്‍ നയം. ഇംഗ്ലണ്ടാകട്ടെ, അനാവശ്യ റിസ്‌കെടുത്ത് ഗോളടിക്കാന്‍ പോകേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് സെന്റര്‍ ബാക്കുകളും ഹോള്‍ഡറായ ഹെന്റേഴ്‌സണും ഫാല്‍ക്കാവോ-ക്രിന്റേറോ-ക്വഡ്രാഡോ ത്രയത്തെ തങ്ങളുടെ ഏരിയയിലേക്ക് അടുപ്പിച്ചതേ ഇല്ല. മൊഹിക്കയും നേരെ എതിര്‍വശത്തു നിന്ന് അരിയാസും കയറിവരുമ്പോഴാണ് കൊളംബിയ ഭീഷണി ഉയര്‍ത്തിയത്.

കളി കാണുന്നവര്‍ക്ക് തീരെ ദഹിക്കാത്ത രീതിയില്‍ അമേരിക്കക്കാരനായ റഫറി മാര്‍ക്ക് ഗീഗര്‍ ഇംഗ്ലണ്ടിന് പെനാല്‍ട്ടി അനുവദിച്ചതോടെയാണ് കളിയുടെ താളവും ഒഴുക്കും നഷ്ടപ്പെട്ടത്. കോര്‍ണര്‍ കിക്കിനിടെ തന്നെ മാര്‍ക്ക് ചെയ്ത കാര്‍ലോസ് സാഞ്ചസിനു നേരെ ഹാരി കെയ്ന്‍ കയ്യാങ്കളി നടത്തിയത് റഫറി കണ്ടില്ല. അതേസമയം, പന്ത് ബോക്‌സിലെത്തിയപ്പോള്‍ കെയ്ന്‍ നിലത്തുവീഴുന്നതും സാഞ്ചസ് സംശയാസ്പദമായ പൊസിഷനിലുള്ളതും അയാള്‍ കണ്ടു. ആലോചനക്കോ കൂടിയാലോചനക്കോ നില്‍ക്കാതെ അയാള്‍ സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. റീപ്ലേയില്‍, കെയ്ന്‍ നിഷ്‌കളങ്കനല്ലെന്ന് വ്യക്തമായിട്ടും വീഡിയോ റഫറി പെനാല്‍ട്ടി റദ്ദാക്കാത്തത് അത്ഭുതപ്പെടുത്തി.

ഇത്തരം ഹൈവോള്‍ട്ടേജ് മത്സരങ്ങള്‍ ഒരു പെനാല്‍ട്ടി കിക്ക് വിധിനിര്‍ണായകമാകുന്നത് വിഷമകരമാണ്; പ്രത്യേകിച്ചും ആ പെനാല്‍ട്ടി അവാര്‍ഡ് കുറ്റമറ്റതല്ലെങ്കില്‍. പക്ഷേ, എന്തോ ഭാഗ്യത്തിന് അതു കാണേണ്ടി വന്നില്ല.

ആ ഗോളില്‍ കടിച്ചുതൂങ്ങുക എന്നതായിരുന്നു പിന്നീട് ഇംഗ്ലണ്ടിന്റെ പദ്ധതി. വൈവിധ്യമാര്‍ന്ന ആക്രമണപദ്ധതിയില്ലാത്ത ലാറ്റിനമേരിക്കക്കാര്‍ക്കെതിരെ അത് ഏറെക്കുറെ എളുപ്പവുമായിരുന്നു. ക്വിന്റേറോയെ അവര്‍ കൃത്യമായി നോട്ടമിടുകയും അയാളും ഫോര്‍വേഡുകളും തമ്മിലുള്ള ബന്ധം വിഛേദിക്കുകയും ചെയ്തു. ഫാല്‍ക്കാവോക്കാകട്ടെ ബോക്‌സിലേക്കു വരുന്ന ക്രോസുകളില്‍ മിഡാസ് ടച്ചിനു കഴിഞ്ഞില്ല. അവസാന ഘട്ടത്തില്‍ ഇംഗ്ലീഷ് ഡിഫന്‍സിന്റെ വന്‍വീഴ്ചയില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ക്വഡ്രാഡോ പാഴാക്കിയപ്പോള്‍ കൊളംബിയ തോറ്റെന്നുറപ്പിച്ചു. പക്ഷേ, 93-ാം മിനുട്ടില്‍ എല്ലായ്‌പോഴുമെന്ന പോലെ യെറി മിന ഹെഡ്ഡര്‍ ഗോളിലൂടെ കൊളംബിയയുടെ ആയുസ്സ് നീട്ടി. ആ കോര്‍ണറിലേക്കു നയിച്ച മുറിയലിന്റെ ലോങ് ഷോട്ടും അത് തട്ടിമാറ്റിയ പിക്ക്‌ഫോര്‍ഡിന്റെ സേവും മനോഹരമായിരുന്നു.

90 മിനുട്ട് മത്സരം പ്ലാന്‍ചെയ്ത ഇംഗ്ലണ്ടിന് അവസാന നിമിഷം കിട്ടിയ ആ അടി വലിയ ആഘാതമായിരുന്നു. എക്‌സ്ട്രാ ടൈമില്‍ കൊളംബിയ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍, ശക്തമായ സമ്മര്‍ദം ചെലുത്തി പോസ്റ്റ് ലക്ഷ്യംവെക്കാനോ കൊളംബിയ തയ്യാറാകാതിരുന്നത് അവര്‍ ഷൂട്ടൗട്ട് ലക്ഷ്യമിട്ടാണ് കളിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. ഓസ്പിന്യ ഒരു കിക്ക് അസാമാന്യ മികവോടെ തട്ടിമാറ്റിയിട്ടും അവസാന രണ്ട് കിക്കുകള്‍ വലയിലാക്കാന്‍ കഴിയാതെ കൊളംബിയ പുറത്തേക്കു നടന്നു.

ഹോസെ പെക്കര്‍മാനെ ഇഷ്ടപ്പെടുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. 2006-ലെ അദ്ദേഹത്തിന്റെ ‘റിക്വല്‍മി അബദ്ധം’ ചരിത്രപ്രസിദ്ധവുമാണല്ലോ. ഇത്തവണയും അദ്ദേഹത്തിന്റെ ടീം കളിച്ച ടാക്ടിക്കല്‍ ഫുട്‌ബോള്‍ മനോഹരവും പ്രായോഗികവുമായിരുന്നു. എന്നാല്‍, മൈതാനത്ത് ആധിപത്യം പുലര്‍ത്തുമ്പോഴും ഫീല്‍ഡ് ഗെയിമിലൂടെ പന്ത് വലയിലെത്തിക്കാനുള്ള ഒരു പദ്ധതി അദ്ദേഹത്തിന് ഇല്ലാത്തത് നിരാശപ്പെടുത്തുന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ കൊളംബിയയുടെ പതനത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടു താനും. ഈ ലോകകപ്പില്‍ കൊളംബിയ നേടിയ ആറു ഗോളുകളില്‍ നാലും സെറ്റ്പീസുകളില്‍ നിന്നാണ് വന്നത്. മൂന്നെണ്ണം നേടിയത് കോര്‍ണര്‍ കിക്കില്‍ നിന്ന് യെറി മിനയും ഒന്ന് ഫ്രീകിക്കില്‍ നിന്ന് ക്വിന്റേറോയും. മൈതാനത്ത് വിത്തിറക്കുമ്പോള്‍ അവിടെ നിന്നു തന്നെ കൊയ്യാനുള്ള വ്യക്തമായ ഒരു പദ്ധതി കൊളംബിയക്കുണ്ടായില്ല. ഫാല്‍ക്കാവോ എന്ന സൂപ്പര്‍ താരത്തില്‍ അമിതമായി വിശ്വസിച്ചതു കൊണ്ടാകാം; അല്ലെങ്കില്‍ ഡിഫന്‍സീവ് മിഡ്ഡിന് പെക്കര്‍മാന്‍ അതീവ പ്രാധാന്യം നല്‍കിയതിനാലാവാം. ഹാമിസിനെ പോലെ ഒരു സൂപ്പര്‍താരം പരിക്കുകാരണം കളിക്കാതിരിക്കുമ്പോള്‍, കേളീശൈലി തന്നെ മാറ്റേണ്ടിവരുന്നു എന്നത് കൊളംബിയന്‍ ടീമിന്റെ വിഭവശേഷിക്കുറവാണ് കാണിക്കുന്നത്. അതില്‍ പെക്കര്‍മാനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.

#WCReviewShafi

ചന്ദ്രിക വെബ് ഡെസ്‌ക്‌: