മുഹമ്മദ് ഷാഫി
ബ്രസീല്‍ 2 – മെക്‌സിക്കോ 0
കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ വിജയത്തില്‍ ഈ ആനുകൂല്യം മാത്രമല്ല പ്രവര്‍ത്തിച്ചത്; യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചിന്തയും പ്രവൃത്തിയും കൂടിയാണ്. മികച്ച കളിക്കാരുള്ള ജര്‍മനിയും സ്‌പെയിനുമെല്ലാം മുടന്തിവീണ ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തിലും ബ്രസീല്‍ എങ്ങനെ കളിക്കുന്നു എന്നത് ഫുട്‌ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാണ്. സത്യത്തില്‍ ഇന്നത്തെ കളി പൊതുവില്‍ – അധികവും രണ്ടാം പകുതിയില്‍ – വരണ്ടതായാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ, കളി കാണുന്നവരില്‍ മതിപ്പുണ്ടാക്കുന്ന വിധമുള്ള സമഗ്രത ബ്രസീല്‍ പുലര്‍ത്തുകയും അര്‍ഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.
സെര്‍ബിയക്കെതിരെ കളിച്ച ടീമിലും ഫോര്‍മേഷനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ലെങ്കിലും ബ്രസീല്‍ കോച്ച് ടിറ്റേ, എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തന്റെ ടീമിന്റെ കേളീശൈലിയുടെ അലകും പിടിയുമെല്ലാം ഒന്നഴിച്ചു പണിഞ്ഞതായി തോന്നി. ടൂര്‍ണമെന്റിലാദ്യമായി മെക്‌സിക്കോ കോച്ച് ഒസോറിയോ 4-3-3 ഫോര്‍മേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മെക്‌സിക്കോ മുച്ചൂടും ആക്രമിക്കുന്ന ഒരു മത്സരമാണ് ഞാന്‍ സ്വപ്‌നം കണ്ടത്.. 39 വയസ്സുള്ള റാഫേല്‍ മാര്‍ക്വേസ് – അതും മിഡ്ഫീല്‍ഡറായി – കളി തുടങ്ങിയതായിരുന്നു മെക്‌സിക്കന്‍ കേളീതന്ത്രത്തിലെ കൗതുകകരമായ കാര്യം. എന്നാല്‍, ഏതാണ്ട് കളിയൊന്ന് സെറ്റായപ്പോള്‍ തന്നെ ഒരുകാര്യം വ്യക്തമായി: സ്വന്തം ടീമിന്റെയല്ല, ബ്രസീലിന്റെ കരുത്ത് ഗണിച്ചാണ് ഒസോറിയോ ഇന്ന് കളിയൊരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ പിഴവുകളിലേക്കാണ് അവരുടെ നോട്ടം. മെക്‌സിക്കോയുടെ ഇതുവരെയുള്ള മത്സരങ്ങള്‍ മുഴുവന്‍ കുത്തിയിരുന്ന് കണ്ടിട്ടുണ്ടെന്ന പോലെയായിരുന്നു ടിറ്റേ അതിനു കരുതിയിരുന്ന മറുമരുന്ന്. അതു വിജയിക്കാതിരിക്കാന്‍ തരമില്ലായിരുന്നു.
ഏതു നിമിഷവും അപകടം സൃഷ്ടിച്ചേക്കാവുന്ന നെയ്മറിനെ തളക്കുക എന്നതായിരുന്നു മാര്‍ക്വേസില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം. ആദ്യപകുതിയില്‍ അതദ്ദേഹം ഏറെക്കുറെ ഭംഗിയായി നിറവേറ്റി. നെയ്മര്‍ സ്വതന്ത്രനല്ലെന്നു വന്നതോടെ നേരെ എതിര്‍ദിശയില്‍ വില്ല്യനില്‍ ബ്രസീലിന്റെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചു. എതിരാളികളെ കരുത്തുകൊണ്ടും വേഗത കൊണ്ടും പിന്നിലാക്കാന്‍ കഴിവുള്ള വില്ല്യന്‍ കുറ്റമറ്റ രീതിയിലാണ് കളിച്ചത്. പന്തുമായി മുന്നോട്ടു കയറാന്‍ മാത്രമല്ല, പിന്നിലേക്കിറങ്ങി റിക്കവര്‍ ചെയ്യാനും അയാള്‍ സമര്‍ത്ഥനായിരുന്നു. പൗളിഞ്ഞോ വില്ല്യനുമായി നന്നായി കണക്ട് ചെയ്തു.
മുന്നില്‍ ഒറ്റക്കു നില്‍ക്കുന്ന ഗബ്രിയേല്‍ ജീസസിനെ മെക്‌സിക്കന്‍ ഡിഫന്‍സ് തടവിലാക്കിയിരുന്നതിനാല്‍ ആദ്യപകുതിയില്‍ തുറന്ന ഗോളവസരങ്ങളൊന്നും വന്നില്ല. ആദ്യഘട്ടങ്ങളില്‍ ബോക്‌സിലെ മതില്‍ക്കെട്ടിനകത്തേക്ക് നുഴഞ്ഞു കയറുന്നതിനു പകരം പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കാനാണ് ബ്രസീല്‍ കളിക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് തോന്നി. അരമണിക്കൂറിനോടടുക്കവെ നെയ്മര്‍ പൊസിഷന്‍ മാറി മധ്യത്തിലേക്കു കയറുകയും ബ്രസീല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തപ്പോള്‍ മെക്‌സിക്കന്‍ ബോക്‌സില്‍ ഭീതിയുടെ നിമിഷങ്ങള്‍ പിറന്നു. പക്ഷേ, ആവശ്യത്തിലധികമാളും കൂടെ ഒച്ചോവയുടെ കൈസഹായവുമുണ്ടായതോടെ പ്രതിസന്ധി മെക്‌സിക്കോ അതിജീവിച്ചു. വില്ല്യനു പുറമെ, മുമ്പത്തെ കളികളിലെയത്ര ‘ടച്ച്’ കിട്ടാത്ത കുട്ടിന്യോയും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തി.
ആദ്യപകുതിയില്‍ ആരും ഗോളടിക്കേണ്ടതില്ലെന്നായിരുന്നു മെക്‌സിക്കോയുടെ തീരുമാനമെന്ന് തോന്നി. എങ്കിലും, സ്വന്തം ബോക്‌സ് മാത്രം പ്രതിരോധിച്ചു കൊണ്ടുള്ള പൂര്‍ണമായ ബാക്ക്ഫുട്ട് ഡിഫന്‍സിന് അവര്‍ മുതിര്‍ന്നില്ല. മിഡ്ഫീല്‍ഡര്‍മാര്‍ കയറിക്കളിച്ചപ്പോള്‍ കളി സ്വന്തം ഹാഫിലാണെങ്കിലും കളിയുടെ നിയന്ത്രണം 50:50 ആക്കാന്‍ അവര്‍ക്കായി. റിക്കവര്‍ ചെയ്യുന്ന പന്തുകളില്‍ വേഗത്തില്‍ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ഗെയിംപ്ലാന്‍. എന്നാല്‍ വലതുഭാഗത്ത് കളിച്ച കാര്‍ലോസ് വേല അതിനു ചേര്‍ന്ന കളിക്കാരനായിരുന്നില്ല. ബ്രസീല്‍ ഡിഫന്‍സുകളില്‍ പഴുതുകള്‍ കാണപ്പെട്ട അപൂര്‍വമായ കൗണ്ടര്‍ അറ്റാക്ക് നിമിഷങ്ങളില്‍ അയാളുടെ സെക്കന്റ് ടച്ചുകള്‍ ഡിഫന്റര്‍മാര്‍ക്ക് റീപൊസിഷന്‍ ചെയ്യാനുള്ള അവസരം നല്‍കി. സെന്‍ട്രല്‍ സ്‌ട്രൈക്കറായ ഹെര്‍ണാണ്ടസിനെ കാസമിറോയും പൗളിഞ്ഞോയും ചേര്‍ന്ന് പൂട്ടിയിരുന്നതിനാല്‍ ലൊസാനോ ബോക്‌സിലേക്കു തൊടുത്ത ക്രോസുകളിലൊന്നും കാല്‍വെക്കാന്‍ ആളുമുണ്ടായിരുന്നില്ല. ഗോളടിച്ചേ തീരൂ എന്ന വാശി ബ്രസീലും പുലര്‍ത്താത്തതിനാല്‍ ആദ്യപകുതിയുടെ അവസാന നിമിഷങ്ങള്‍ മന്ദഗതിയിലായി. അപകടകരമാം വിധം അഡ്വാന്‍സ് ചെയ്യാതെയും പൊസിഷന്‍ കൃത്യമായി പാലിച്ചും ബ്രസീല്‍ ഡിഫന്‍സ് ഉറച്ചു നിന്നതോടെ കളിച്ചേ ഗോളടിക്കാനാവൂ എന്ന സ്ഥിതി വന്നു. ഫാഗ്നര്‍ ചെറിയ വീഴ്ചകള്‍ വരുത്തിയെങ്കിലും മിറാന്‍ഡ, സില്‍വ, ഫിലിപ് ലൂയിസ് എന്നിവര്‍ക്ക് നല്ലൊരു മത്സരമായിരുന്നു ഇത്.
പ്രതീക്ഷിച്ചതു പോലെ, ഇടവേള കഴിഞ്ഞെത്തിയതോടെ പന്തിന്റെ നിയന്ത്രണം ബ്രസീല്‍ സ്വന്തമാക്കി. എങ്ങനെയും ഗോളടിക്കണമെന്ന വാശി അവരുടെ നീക്കങ്ങളില്‍ തെളിഞ്ഞുനിന്നു. അഞ്ചുമിനുട്ടിനുള്ളില്‍ ഗോള്‍വരികയും ചെയ്തു. നെയ്മറും വില്ല്യനും ചേര്‍ന്ന് സൃഷ്ടിച്ച മനോഹരമായൊരു കളിയായിരുന്നു അത്. പന്തുമായി ഡി സര്‍ക്കിളിലേക്കു കയറുകയും വലതുവശത്തേക്ക് നീങ്ങുകയും ചെയ്ത നെയ്മര്‍ സ്വാഭാവികമായും മൂന്ന് ഡിഫന്റര്‍മാരെ തന്റെ കൂടെ കൂട്ടി. നെയ്മറിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വില്ല്യന്‍ നേരെ ബോക്‌സിന്റെ എതിര്‍വശത്തേക്കു ക്ഷണത്തില്‍ നീങ്ങി ബാക്ക്ഹീല്‍ പാസ് പിടിച്ചെടുത്തു. പന്ത് കാലില്‍ കിട്ടുമ്പോള്‍ വില്ല്യനു മുന്നില്‍ ബോക്‌സ് മിക്കവാറും തുറന്നുകിടക്കുകയായിരുന്നു. ശേഷിച്ച ഡിഫന്റര്‍ക്കു പിടികനല്‍കാതെ അയാള്‍ സമര്‍ത്ഥമായി പന്ത് മുന്നിലേക്കു തട്ടി മിന്നല്‍വേഗത്തില്‍ അതിലൊരു ക്രോസ് തൊടുത്തു. അവസാനത്തെ ഡിഫന്റര്‍ക്കും ഒച്ചോവക്കുമിടയിലെ ഇടനാഴിയിലൂടെ ശരംപോലെ പോയ പന്ത് ജീസസിനു തൊടാനായില്ലെങ്കിലും നെയ്മറിന് പിഴച്ചില്ല. ഹീല്‍പാസ് നല്‍കിയ നെയ്മറിനെ പിന്നീട് വെറുതെ വിട്ടതിന് മെക്‌സിക്കന്‍ ഡിഫന്‍സ് നല്‍കേണ്ടിവന്ന വലിയ വില. പെന്‍സിലും സ്‌കെയിലുമുപയോഗിച്ച് വരച്ചതു പോലുള്ള ഇത്തരം ഗോളുകള്‍ കളിക്കാരുടെ കാലുകളില്‍ മാത്രമല്ല മികച്ച കോച്ചുമാരുടെ തലയില്‍ കൂടിയാണ് പിറക്കുന്നത്. നെയ്മറും പന്ത് മിസ്സാക്കിയിരുന്നെങ്കില്‍ തൊട്ടപ്പുറത്ത് പൗളിഞ്ഞോ ഉണ്ടായിരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കാം ബ്രസീല്‍ ടീം എത്രമാത്രം അച്ചടക്കത്തോടെയാണ് കളിക്കുന്നതെന്ന്.
ആ ഗോളില്‍ നിന്ന് കരകയറാന്‍ മെക്‌സിക്കോയ്ക്ക കഴിയില്ലെന്ന്, അവരുടെ ഒന്നാം പകുതിയിലെ പ്രകടനം വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാമായിരുന്നു. ഒന്നില്‍ നിര്‍ത്താന്‍ മനസ്സില്ലെന്നു വെളിപ്പെടുത്തി ബ്രസീല്‍ തുടര്‍ന്നും ആക്രമിച്ചതോടെ മെക്‌സിക്കോ വശംകെട്ടു. ലീഡ് സംരക്ഷിക്കുന്നതിനു പകരം ഇനിയും ഗോളടിക്കാനുള്ള വാശിയാണ് ബ്രസീലിന് രക്ഷയായതെന്നു പറയാം. ഒറ്റ ഗോളില്‍ മത്സരം കൊന്നുകളയാന്‍ അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ എതിര്‍ടീമിന് അത് അവസരം തുറക്കുമായിരുന്നു, പ്രത്യേകിച്ചും മെക്‌സിക്കന്‍ മുന്‍നിര പ്രത്യാക്രമണത്തില്‍ വിദഗ്ധരാണെന്നതിനാല്‍. ഒപ്പം നെയ്മറിന്റെ അഭിനയ പാടവം കൂടി രക്ഷക്കെത്തിയതോടെ സമയം ഉന്തിത്തള്ളി നീക്കാനും മെക്‌സിക്കന്‍ കളിക്കാരിലെ തീ കെടുത്താനും അവര്‍ക്കായി. അവസാന മിനുട്ടുകളില്‍ എല്ലാം മറന്ന് ആക്രമിക്കുകയല്ലാതെ രക്ഷയില്ലെന്ന് മെക്‌സിക്കോ തിരിച്ചറിഞ്ഞെങ്കിലും ചെറിയ പിഴവിനു വരെ വലിയ വിലനല്‍കേണ്ടി വരുമെന്നുറപ്പായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഡിഫന്ററുമായുള്ള വണ്‍ വണ്‍ സിറ്റ്വേഷന്‍ മുതലെടുക്കുന്നതില്‍ നെയ്മര്‍ വിദഗ്ധനാണ്. ഒച്ചോവ പരമാവധി ജാഗ്രത പാലിച്ചെങ്കിലും പന്ത് വലയിലാക്കാന്‍ ഫിര്‍മിനോ കൃത്യമായി എത്തിച്ചേരുകയും ചെയ്തു.
കളിച്ച രീതി ഇഷ്ടപ്പെട്ടെങ്കിലും സമയം കൊല്ലാന്‍ ബ്രസീല്‍ പുറത്തെടുത്ത അനാവശ്യ അടവുകള്‍ എനിക്ക് ഇറിറ്റേറ്റിങ് ആയിരുന്നു. പ്രായോഗിക ഫുട്‌ബോളില്‍ അതിന് വലിയ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ഇത്രയധികം വിഭവങ്ങളും അനുകൂല സാഹചര്യങ്ങളുമുള്ളൊരു ടീം ഇത്തരം തറവേലകള്‍ കാണിക്കുന്നത് ബോറാണ്. 50:50 ബോഡിചലഞ്ചുകളില്‍ പോലും ഉരുണ്ടുവീണ് നിലവിളിക്കുന്ന നെയ്മറിനെ കാണുന്നത് എന്റെ കൂടെ കളികണ്ട ബ്രസീല്‍ ആരാധകനു പോലും അരോചകമായിരുന്നു. മിക്കപ്പോഴും അയാള്‍ എതിരാളിയുടെ ഫുട്ട് മൂവ്‌മെന്റില്‍ കുടുങ്ങുന്നതിനായി അഡ്വാന്‍സ് ചെയ്യുന്നതായി പോലും തോന്നി. ത്രോലൈനിനു പുറത്ത് മൂന്നു മിനുട്ടോളം കളഞ്ഞ ആ സംഭവം ഉദാഹരണം. പന്തെടുക്കാന്‍ വന്ന പ്ലെയറുടെ കോണ്‍ടാക്ട് മനഃപൂര്‍വമാണെന്നു സമ്മതിച്ചാല്‍ തന്നെയും നെയ്മറിന്റേത് നാടകമായിരുന്നുവെന്ന് പറയാന്‍ വയ്യ. കാസമിറോയും ഈ അടവെടുക്കുന്നതില്‍ സമര്‍ത്ഥനാണ്; അതിന്റെ ആവശ്യമെന്താണെന്നാണ് മനസ്സിലാകാത്തത്.
മുമ്പ് പറഞ്ഞത് ഒരിക്കല്‍ക്കൂടി പറയട്ടെ; ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഫുട്‌ബോള്‍ കളിക്കുന്ന ടീം ബ്രസീലാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ രണ്ടുഗോള്‍ വിജയത്തോടെ ഇപ്പോള്‍ തന്നെ അവര്‍ കപ്പില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എതിര്‍ ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്ന ടിറ്റേക്ക് തന്റെ പ്ലാനുകള്‍ നടപ്പാക്കാന്‍ കഴിവുള്ള കളിക്കാരും അവരുടെ സന്നദ്ധതയുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയും ഉള്‍ക്കരുത്തോടെയുമേ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയൂ. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള അവരുടെ കമ്മ്യൂണിക്കേഷന്‍ ഭേദിച്ചുകളയാതെ അത് സാധ്യമല്ല. ഒരേ രീതിയില്‍ കളിക്കാത്ത ബ്രസീലാകട്ടെ അങ്ങനെയൊരു സാധ്യത നല്‍കുന്നുമില്ല.