ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി മിഡ്‌നാപൂരില്‍ പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ്, എഴുപത്തിരണ്ടാം വയസില്‍ വീരമൃത്യു വരിച്ച ധീര വനിതയാണ് മാതാഗിനി ഹസ്ര. ഗാന്ധി മുത്തശി എന്നാണ് വിളിപ്പേര്. 1870 ഒക്ടോബര്‍ 19ന് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ തംലുക്ക് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോഗ്ല ഗ്രാമത്തിലാണ് മാതംഗിനി മൈതി ജനിച്ചത്. കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. ഒരു കൊച്ചു മകനുള്ള സമ്പന്നനായ ത്രിലോചന്‍ ഹസ്രയുടെ ബാല വധുവാകാന്‍ കഷ്ടപ്പാടുകള്‍ അവരെ നിര്‍ബന്ധിതയാക്കി. പന്ത്രണ്ടാം വയസിലാണ് ഈ വിവാഹം. പതിനെട്ടു വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസിലെത്തുന്നത്. 1905ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു മിഡ്‌നാപൂരിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പ്രത്യേകത. മാതംഗിനി അവരുടെ നേതാവായി.സെറാംപൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. 1932 ജനുവരി 26ന്, രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രദേശത്തെ പുരുഷന്മാര്‍ ഘോഷയാത്ര നടത്തി. അവളുടെ കുടിലിലിനു മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ അവരോടൊപ്പം ചേര്‍ന്നു. മഹാത്മാഗാന്ധിയുടെ നിയമലംഘന പ്രസ്ഥാനത്തില്‍, പ്രത്യേകിച്ച് ഉപ്പ് സത്യഗ്രഹത്തില്‍ അവര്‍ ശക്തമായി പങ്കെടുത്തു. പരേതനായ ഭര്‍ത്താവിന്റെ ഗ്രാമമായ അലീനനില്‍ ഉപ്പ് നിര്‍മ്മാണത്തില്‍ അവള്‍ പങ്കെടുത്തു. ചൗക്കിദാരി നികുതി നിര്‍ത്തലാക്കാനുള്ള സമരത്തിലും പങ്കെടുത്തു. എല്ലാ പ്രക്ഷോഭകരെയും ശിക്ഷിക്കാനുള്ള ഗവര്‍ണറുടെ കടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് കോടതി മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെ, മാതംഗിനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയും ബഹരംപൂര്‍ ജയിലില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1933ല്‍, സെറാംപൂരില്‍ (പശ്ചിമ ബംഗാള്‍) നടന്ന സബ് ഡിവിഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത അവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. പിന്നീട് 1933ല്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന സര്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ തംലുക്ക് സന്ദര്‍ശിച്ചപ്പോള്‍, മാതംഗിനി തന്ത്രപൂര്‍വം വേദിയിലെത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. 1942 ഓഗസ്റ്റില്‍, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ബാനറിന് കീഴില്‍, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഡ്‌നാപൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാന്‍ പദ്ധതിയിട്ടു. 72 കാരിയായ മാതംഗിനി ഹസ്രയാണ് ഇതിന് മുന്‍കൈ എടുത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ പങ്കെടുത്ത മാര്‍ച്ചിനു നേരെ പൊലീസ് വെടിയുതിര്‍ത്തു. മുറിവേറ്റതിനു ശേഷവും മുന്നോട്ടു കുതിച്ച മാതംഗിനിക്കു നേരെ പൊലീസ് തുടര്‍ച്ചയായി നിറയൊഴിച്ചു. വന്ദേ മാതരം ഉച്ചരിച്ചുകൊണ്ട് വീരമരണം. രക്തത്തില്‍ കുളിച്ചുകിടന്ന അവരെ കണ്ടെത്തുമ്പോഴും ദേശീയ പതാക മുറുകെ പിടിച്ചിരുന്നു.