ബെംഗളൂരു: യാത്രക്കാരിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തുകയും വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു നഗരത്തിലെ റാപ്പിഡോ ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം യാത്രക്കിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം ടൗണ്‍ ഹാളിനടുത്ത് മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി റാപ്പിഡോ ബൈക്ക് ടാക്‌സിയാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നു. യാത്രാമധ്യേ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതി ആരോപിച്ചു. ഒരു കൈകൊണ്ട് മാത്രം ഹാന്റിലില്‍ പിടിച്ചായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പേടി കൊണ്ട് ഒന്നും മിണ്ടാനാവാതിരുന്ന യുവതി, ഡ്രൈവര്‍ തന്റെ വീടിന്റെ സ്ഥാനം മനസിലാക്കേണ്ടെന്ന് കരുതി അല്‍പം അകലെയുള്ള ഒരു സ്ഥലത്താണ് ഇറങ്ങിയത്.
ഇലക്ട്രോണിക് പേയ്‌മെന്റ് രീതിയിലൂടെ പണം നല്‍കിയ ശേഷം ഇയാള്‍ നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. വാട്‌സ്ആപിലൂടെ ഇയാള്‍ അയച്ച സന്ദേശങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നമ്പര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. യാത്രക്കാരുടെ സുരക്ഷയ്ക്ക് എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്ന് യുവതി ബൈക്ക് ടാക്‌സി കമ്പനിയോട് ആരാഞ്ഞു. ട്വീറ്റ് ശ്രദ്ധയില്‍പെട്ട ഉടനെ അന്വേഷണം നടത്തിയെന്നും ആരോപണ വിധേയനായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ബെംഗളുരു സിറ്റി പൊലീസ് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഇലക്ട്രോണിക് സിറ്റി പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.