ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഡല്‍ഹിയില്‍ 7 സിറ്റിങ് എംഎല്‍എമാര്‍ രാജിവെച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്‍എമാര്‍ ഒരേ ദിവസം കൂട്ട രാജിവെക്കുകയായിരുന്നു.
ഭാവന ഗൗര്‍, രോഹിത് മെഹറൗലിയ, രാജേഷ് ഋഷി, മഥന്‍ ലാല്‍, നരേഷ് യാദവ്, പവന്‍ ശര്‍മ്മ, ബി എസ് ജൂന്‍ എന്നിവരാണ് രാജിവെച്ചത്. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതാക്കള്‍ക്ക് ആം ആദമി പാര്‍ട്ടി വിടാന്‍ പ്രേരണയായി. പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ രാജി കത്തില്‍ പറയുന്നു. അതേസമയം ആംആദ്മി പാര്‍ട്ടി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഭൂപീന്ദര്‍ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന വിവരം പുറത്തുവിടുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.