X

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ടുപേര്‍ താഴേക്ക് ചാടി;കളര്‍ ബോംബ് പ്രയോഗിച്ചു

ലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ച. ഗാലറിയില്‍ നിന്ന് 2 പേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ 2 പേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്‌സഭ 2 മണി വരെ നിര്‍ത്തിവച്ചു. ഇന്ന് ഉച്ചക്ക് 1.02ന് സീറോ അവറിലാണ് സംഭവം.

രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്.ഖലിസ്ഥാന്‍ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. യു.പി സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവര്‍.

സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എം.പിമാര്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് കളര്‍ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പിടിയിലായത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം.പാര്‍ലമെന്റ് ആക്രമണ വാര്‍ഷിക ദിനം വീണ്ടും പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വാദികള്‍ ഭീഷണി മുഴക്കിയിരുന്നു.

കടും നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ എം.പിമാരുടെ ഭാഗത്തേക്ക് ചാടുന്നതും മഞ്ഞ നിറത്തിലുള്ള പുക ചീറ്റുന്നതും വീഡിയോയില്‍ കാണാം. ലോക്സഭാ എംപിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് ഇരുവരെയും കീഴടക്കിയത്. സന്ദര്‍ശക ഗാലറിയില്‍ നിന്ന് ആരോ താഴെ വീണുവെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം എന്‍ഡിടിവിയോട് പറഞ്ഞത്.

രണ്ടാമത്തേയാള്‍ ചാടിയശേഷമാണ് സുരക്ഷാ വീഴ്ചയാണെന്ന് മനസ്സിലായത്. വാതകം വിഷലിപ്തമായിരിക്കാമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

webdesk13: