X

പൊലീസില്‍ വന്‍ അഴിച്ചുപണി; മലപ്പുറത്ത് മാത്രം 8 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം, എസ്.പി ശശിധരനെ മാറ്റാനും നിര്‍ദേശം

മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി. എസ്പി എസ് ശശിധരനെ സ്ഥലം മാറ്റിയേക്കും. ഇതു സംബന്ധിച്ചു ഉടന്‍ ഉത്തരവ് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ഡിവൈഎസ്പിമാരേയും മാറ്റിയിട്ടുണ്ട്. മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനിലെ ഉദ്യോ​ഗസ്ഥരേയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി. ഇതിനൊപ്പം, പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെവി മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു. പരാതിക്കാരിയോടും ഓഫീസ് ജിവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.

ഭരണകക്ഷി എംഎൽഎ തന്നെയായ പിവി അൻവർ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രം​ഗത്തു വന്നിരുന്നു. മലപ്പുറം പൊലീസ് സംവിധാനത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുക കൂടി ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അഴിച്ചു പണി.

മലപ്പുറം പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ വച്ച് നിലമ്പൂർ എംഎൽഎയായ അൻവർ എസ്പി ശശിധരനെ പരസ്യമായി, അദ്ദേഹത്തെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം മുൻ എസ്പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കടക്കം ആരോപണങ്ങൾ നീണ്ടത്. അതിനിടെ അന്‍വര്‍ വിവി ബെന്നിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതിനിടെ മലപ്പുറത്തെ പൊലീസിനെതിരെ പരാതിക്കാരി തന്നെ രം​ഗത്ത് വന്നതും വൻ അഴിച്ചു പണിയിലേക്ക് കാര്യങ്ങൾ എത്തിച്ചു.

webdesk13: