പബ്ലിക് ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശന്റെ ലോഗോയുടെ നിറം ചുവപ്പില്‍ നിന്ന് കാവിയാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‌വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് സമയത്ത് ദൂരദര്‍ശനെ കാവിവല്‍കരിക്കാനുള്ള ശ്രമമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. എന്നാല്‍ കുങ്കുമപ്പൂവിനോടുള്ള മമതയുടെ ഇഷ്ടത്തെ കുറിച്ച് ജനങ്ങള്‍ക്കറിയാം എന്നായിരുന്നു ഇതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം.
”രാജ്യത്തുടനീളം ദേശീയ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മുടെ ദൂരദര്‍ശന്‍ ലോഗോയുടെ പെട്ടെന്നുള്ള കാവിവത്കരണത്തിലും നിറംമാറ്റത്തിലും ഞെട്ടിപ്പോയി. ഇത് തികച്ചും അധാര്‍മികവും കടുത്ത നിയമവിരുദ്ധവുമാണ്. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ബി.ജെ.പി അനുകൂല പക്ഷപാതമാണിത് തുറന്നുകാട്ടുന്നത്.”-മമത എക്‌സില്‍ കുറിച്ചു.