ഭാരതീയ ജനത യുവമോര്‍ച്ച ദേശീയ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുയായിരുന്നു ബംഗളൂരു സൗത്ത് എം.പി.കൂടിയായ അദ്ദേഹം.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ തരുണ്‍ ചുഗ്, കെ. ലക്ഷ്മണ്‍, തുടങ്ങിയവരും പരിപാടിയില്‍ ഉണ്ടായിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ യോഗം അലങ്കോലമായി. മുന്‍ നിയമസഭാംഗം രാമചന്ദ്ര റാവു രോഷാകുലരായ പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡന്റ് ഭാനു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ തെലങ്കാനയിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നതെന്ന് ഭാനു പ്രകാശ് വിഭാഗം ആരോപിക്കുന്നു. ബി.ജെ.വൈ.എമ്മിന്റെ ദേശീയ ട്രഷറര്‍ സായി പ്രസാദ് തേജസ്വി സൂര്യയുമായി ചേര്‍ന്ന് ഭാനു പ്രകാശ് വിഭാഗത്തെ തഴയുകയാണെന്ന് ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ഭാനു പ്രകാശും സായ് പ്രസാദും മല്‍കാജ്ഗിരി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റിനായി ശ്രമം നടത്തുകയാണ്. തേജസ്വി സൂര്യയുമായി സ്വരചേര്‍ച്ച ഇല്ലാത്തതിനാല്‍ ഭാനു പ്രകാശ് യോഗത്തിന് എത്തിയിരുന്നില്ല.