റസാഖ് ഒരുമനയൂര്‍
അബുദാബി: പുതുവര്‍ഷപ്പുലരിയില്‍ ലോകറെക്കോഡുകള്‍ തകര്‍ക്കാന്‍ അബുദാബിയില്‍ ഒരുക്കം തകൃതിയായി നടക്കുന്നു. അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിലാണ് ഡിസംബര്‍ 31ന് രാത്രി രണ്ട് ലോകറെക്കോഡുകള്‍ ഭേദിക്കുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നത്.
ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായി മാറുക. നാല്‍പ്പത് മിനുട്ട്‌നേരം മാനത്ത് വര്‍ണ്ണങ്ങള്‍ പെയ്യിച്ചുകൊണ്ടാണ് കരിമരുന്ന് പ്രയോഗം നടക്കുക. പതിനായിരങ്ങളാണ് ഇതിന് സാക്ഷിയാവാന്‍ വിവിധ എമിറേറ്ററുകളില്‍നിന്ന് എത്തിച്ചേരുക.
3,000 ഡ്രോണുകള്‍ നിരന്ന് അന്തരീക്ഷത്തില്‍ വിവിധ ചിത്രങ്ങള്‍ തെളിയുന്ന മറ്റൊരു കാഴ്ചയാണ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരുഇനം. ഡിസംബര്‍ 31ന് വൈകീട്ട് നാലുമണിമുതല്‍ ആരംഭിക്കുന്ന വ്യത്യസ്തമായ പരിപാടികള്‍ പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടുനില്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുടെ നിരവധി സ്റ്റാളുകളും അന്താരാഷ്ട്ര കലാസാംസ്‌കാരിക പരിപാടികളും ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂഇയര്‍ പ്രമാണിച്ച് പരിപാടികളില്‍ ഗണ്യമായി മാറ്റംവരുത്തി കൂടുതല്‍ ശ്രദ്ധനേടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.