ഇസ്താംബൂള്‍: പുതുവര്‍ഷപ്പുലരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്‍ഡുകളുമുയര്‍ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര്‍ വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്‍തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.