X

രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയനുകളുടെ കണക്കില്‍ വന്‍ വര്‍ധനവ്: 2022 ല്‍ 53% ശതമാനം

രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയനുകളുടെ കണക്ക് കുടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. 2022ല്‍ രാജ്യത്ത് ആകെ നടന്ന പ്രസവങ്ങളില്‍ 53 ശതമാനവും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ 15 ശതമാനം മാത്രമാണ് സിസേറിയന്‍ പാടുള്ളൂ. സിസേറിയനുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ നിയന്ത്രിക്കാന്‍ കണക്കെടുപ്പും ബോധവത്കരണവും നടത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനമെടുത്തു. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയില്‍ 53 ശതമാനം സിസേറിയനാണ് നടന്നത്. 2021ല്‍ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യസര്‍വേയില്‍ ഇത് 47.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ 15 ശതമാനം സിസേറിയന്‍ നടന്നപ്പോള്‍ സ്വകാര്യമേഖലയില്‍ 38 ശതമാനമാണ് നടന്നത്.

സ്വകാര്യസര്‍ക്കാര്‍ മേഖലകളില്‍ ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത് തെലങ്കാനയിലാണ് 54.09 ശതമാനം. കേരളം ആറാം സ്ഥാനത്താണ് 42.41 ശതമാനം. സ്വകാര്യമേഖലയില്‍ ഏറ്റവുംകൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നത് അന്തമാന്‍ നിക്കോബാര്‍ (95.45), ത്രിപുര (93.72), പശ്ചിമബംഗാള്‍ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.

ലോകത്തെ ആകെ പ്രസവങ്ങളില്‍ അഞ്ചിലൊന്നും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

webdesk13: