തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ചാക്കോള ഫെയര്‍നെസ് ഓയില്‍ കമ്പനി അടച്ചപ്പോള്‍ ബാക്കിവന്ന ഉത്പന്നങ്ങള്‍ കരുവന്നൂര്‍ ബാങ്ക് വാങ്ങിയത് കോടികളുടെ തട്ടിപ്പിലൂടെ. സൗന്ദര്യവര്‍ധകവസ്തുക്കള്‍ നിര്‍മിച്ചിരുന്ന കമ്പനി 2012-ലാണ് അടച്ചുപൂട്ടിയത് . അപ്പോള്‍ അവിടെയുണ്ടായിരുന്ന സ്റ്റോക്ക് കരുവന്നൂര്‍ ബാങ്ക് 2.34 കോടിയ്ക്ക് വാങ്ങിയെന്ന് രേഖയുണ്ടാക്കി.
കേവലം 25 ലക്ഷത്തിന് നല്‍കാമെന്ന് കമ്പനി അറിയിച്ച വസ്തുക്കളാണ് ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് 2.34 കോടിയ്ക്ക് വാങ്ങിയത്. ഇടപാടില്‍ ഒന്നരക്കോടി കമ്മിഷനായി കൈക്കലാക്കിയെന്നാണ് ആരോപണം.
ഇവയില്‍ 2 കൊല്ലം കൊണ്ട് ന്യായവിലസ്റ്റോറിലൂടെയും സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വിറ്റത് വെറും 13,400 രൂപയുടെ വസ്തുക്കള്‍ മാത്രം. കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍ രാത്രി കരുവന്നൂര്‍പ്പുഴയിലൊഴുക്കി. ബാങ്കിന്റെ പുതിയ കെട്ടിടത്തിനായി മണ്ണെടുക്കുകയാണെന്ന വ്യാജേന കുഴിയെടുത്ത് കുറേ അവിടെ മൂടുകയും ചെയ്തു.
2,000 മുതല്‍തന്നെ കമ്പനിയുടെ ഉത്പന്നങ്ങള്‍ കരുവന്നൂര്‍ബാങ്ക് വാങ്ങി ന്യായവില സ്റ്റോറിലൂടെയും സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന് 2003-ല്‍ സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു.
2003-04 സാമ്പത്തികവര്‍ഷം മാത്രം ചാക്കോളയുടെ 2,33,401 രൂപയുടെ ഉത്പന്നങ്ങള്‍ കാലാവധിയെത്തി വിറ്റഴിക്കാനാകാത്തതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് കരുവന്നൂര്‍ ബാങ്കിനെ സഹകരണ രജിസ്ട്രാര്‍ വിലക്കി. എന്നാല്‍, 2010 വരെ അനുമതിയില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങുന്നത് തുടര്‍ന്നു.
2010-11 വര്‍ഷത്തില്‍ കമ്പനിയുമായുള്ള ഇടപാടില്‍ ബാങ്കിനുണ്ടായ നഷ്ടം 24,87,403 രൂപയാണ്. അനുമതിയില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ആ വര്‍ഷം 91.43 ലക്ഷം അഡ്വാന്‍സും കൊടുത്തു. കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന സഹകരണ േജായിന്റ് രജിസ്ട്രാറുടെ 2010 ജൂണ്‍ എട്ടിലെ ഉത്തരവ് അവഗണിച്ചാണ് 2012-ല്‍ സ്റ്റോക്ക് മുഴുവന്‍ അന്യായവിലയ്ക്ക് വാങ്ങിയത്.
ഈ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കമ്പനിയുടെ 39.30 ലക്ഷത്തിന്റെ വസ്തുക്കള്‍ പഴകിയും കാലഹരണപ്പെട്ടും വിറ്റഴിക്കാനാകാതെ ബാക്കിയുണ്ടായിരുന്നു. വിറ്റഴിച്ച 4.86 ലക്ഷത്തിന്റെ ഇനങ്ങള്‍ ഗുണമേന്മയില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചത് ബാങ്കിലെത്തിയിട്ടുമുണ്ടായിരുന്നു.