തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. സംസ്ഥാനത്തെ 14 കളക്ടറേറ്റുകളിലായി ഇന്ന് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് ന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു.
എറണാകുളം ജില്ലയിലെ വിദേശ മലയാളി മൂന്ന് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റിയത്. കൊല്ലത്ത് 20 അപേക്ഷകളില്‍ 13 എണ്ണവും ഒരേ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതും. മറ്റൊരു വിദേശ മലയാളി നിയമവിരുദ്ധമായി 45,000 രൂപയും കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തി.
മലപ്പുറത്തെ നിലമ്പൂരില്‍ ചികിത്സയ്ക്കായി ചെലവായ തുക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിക്കാതെ തന്നെ അപേക്ഷകളിന്മേല്‍ തുക അനുവദിച്ചതായും കണ്ടെത്തി. കാസര്‍കോടും സമാനമായ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കിട്ടുന്നതിനായി പുനലൂരിലെ ഒരു ഡോക്ടര്‍ 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. കൊല്ലത്ത് 20 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണവും ഒരേ ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായും വിജിലന്‍സ് പറഞ്ഞു.