സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ഏഴ് പേരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 22 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. നാല് കുട്ടികളും മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരുടെ സമീപത്തു നിന്നു രണ്ട് തോക്കുകളും പൊലീസ് കണ്ടെടുത്തു. ദക്ഷിണ ഓസ്‌ട്രേലിയയിലെ മാര്‍ഗരറ്റ് നദീ തീരത്തുള്ള ഓസ്മിങ്ടണ്‍ എന്ന ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകമുണ്ടായത്. മുതിര്‍ന്നവരുടെ മൃതദേഹം കെട്ടിടത്തിന് പുറത്തും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് ഉള്ളിലുമാണ് കിടന്നിരുന്നതെന്ന് പശ്ചിമ ഓസ്‌ട്രേലിയന്‍ പൊലീസ് കമ്മീഷ്ണര്‍ ക്രിസ് ഡാവ്‌സന്‍ പറഞ്ഞു.
കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനായിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുള്ളതായും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ ഒരു കുടംബത്തിലുള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. 1996ല്‍ താന്‍സാനിയയില്‍ അക്രമിയുടെ വെടിയേറ്റ് 35 പേരാണ് മരിച്ചത്. തുടര്‍ന്ന് രാ്ജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. നിയമം കര്‍ശനമായി നടപ്പാക്കിയതോടെ അക്രമ സംഭവങ്ങളും കുറഞ്ഞിരുന്നു. രാജ്യത്ത് കര്‍ഷകര്‍ക്ക് മാത്രമാണ് തോക്ക് ഉപയോഗിക്കുന്നതില്‍ നിയമത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കീടങ്ങളെയും മറ്റും കൊല്ലുന്നതിനാണിത്. കൂടാതെ ഓട്ടോമാറ്റിക്-സെമി ഓട്ടോമാറ്റിക് റൈഫിള്‍സും തോക്കുകളും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.