X
    Categories: CultureMore

എ.ബി.വി.പി അക്രമത്തിനെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം

ന്യൂഡല്‍ഹി: ഫെബ്രുവരി 22 ന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാ?ഗമായ എ.ബി.വി.പി ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു തുടങ്ങിയ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘എ.ബി.വി.പി ഗോബാക്ക്’, ‘ആസാദി’ വിളികള്‍ പ്രകടനത്തില്‍ ഉയര്‍ന്നു കേട്ടു.

അതേസമയം, രാംജാസ് കോളേജിലെ അക്രമത്തെ തുടര്‍ന്ന് പൊലീസ് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്ന് ആഭ്യന്തര കാര്യങ്ങളിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ചിദംബരം വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിനെ കണ്ടു. ഫെബ്രുവരി 22-ന് എ.ബി.വി.പിക്കാര്‍ അഴിഞ്ഞാടുമ്പോള്‍ കോളേജിന് പുറത്ത് കനത്ത പൊലീസ് സന്നാഹം എന്തിനായിരുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്.

എ.ബി.വി.പിക്കെതിരെ നിലപാടെടുത്തതിന് ബലാത്സംഗ ഭീഷണി നേരിട്ട ഗുര്‍മെഹര്‍ കൗറിന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മകളായ ഗുര്‍മെഹറിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രചരണം വ്യാപകമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: