X

മഹാരാഷ്ട്രയില്‍ കൂടത്തായി മോഡല്‍ കൊല; ഒരു മാസത്തിനിടെ വിഷം നല്‍കി കൊന്നത് 5 പേരെ

മുംബൈയിലെ ഗഡ്ചിറോളിയില്‍ കൂടത്തായി മോഡല്‍ കൊലപതാകം. ഒരു മാസത്തിനിടെ കുടുംബത്തിലെ 5 പേരെയാണ് പ്രതികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ സംഘമിത്ര, റോസ രാംടെകെ എന്നീ 2 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഘമിത്രയുടെ ഭര്‍ത്താവ് റോഷന്‍, ഭര്‍തൃപിതാവ് ശങ്കര്‍, ഭര്‍തൃമാതാവ് വിജയ, സഹോദരി കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭര്‍തൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ.വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു സംഘമിത്രയുടെയും റോഷന്റേയു വിവാഹം.

ഇതിന് പിന്നാലെ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സംഘമിത്ര ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ടിരുന്നുവെന്നും ഇത് സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് നിഗമനം. സ്വത്ത് തര്‍ക്കമായിരുന്നു കൊലപാതകത്തിന് റോസയെ പ്രേരിപ്പിച്ചത്.

സെപ്റ്റംബര്‍ ഇരുപതിനായിരുന്നു ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശങ്കറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26ന് ശങ്കര്‍ മരണപ്പെട്ടു. അടുത്ത ദിവസം ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ കോമള്‍, റോഷന്‍ എന്നിവരെയും ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും പിന്നീട് മരണപ്പെട്ടു. റോഷന്റെ സഹോദരന്‍ സാഗറും സമാന അസ്വസ്ഥതകള്‍ മൂലം ഡല്‍ഹിയില്‍ ചികിത്സ നേടിയിരുന്നു.

ശങ്കറിനേയും ഭാര്യയേയും ആശുപത്രിയിലെത്തിച്ച ഡ്രൈവറും ഏചാനും ചില ബന്ധുക്കളും സമാന രീതിയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെയാണ് പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. പ്രതിയായ റോസ തെലങ്കാനയിലെത്തിയായിരുന്നു വിഷം വാങ്ങിയത്. പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം ഇവര്‍ കുടുംബത്തിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.

webdesk13: