X

വീണ്ടും ആൾക്കൂട്ട കൊല; ഝാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഝാര്‍ഖണ്ഡിലെ കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് അവസാനത്തെ ഇര. ഹിന്ദു സ്ത്രീയെ പരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് ഇയാളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ജൂണ്‍ 30ന് ഷഹാബുദ്ദീന്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗൗത്താരികാര്യ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം അനിതാ ദേവി എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവര്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ഓട്ടോയില്‍ ഷഹാബുദ്ദീന്റെ ബൈക്കിടിക്കുകയും അനിതാ ദേവിക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മഹേന്ദ്രയും രാംദേവും ചേര്‍ന്ന് ഷഹാബുദ്ദീനെ കുറ്റപ്പെടുത്താന്‍ തുടങ്ങി.

ഉടന്‍ തന്നെ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആക്രമിക്കാന്‍ തുടങ്ങി. ആക്രമണം നിര്‍ത്താന്‍ അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. വിവരം ലഭിച്ചതനുസരിച്ച് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ആള്‍ക്കൂട്ടത്തില്‍നിന്ന് ഷഹാബുദ്ദീനെ രക്ഷിക്കുകയും ചെയ്തു. ഈ സമയം ഇയാളുടെ മുഖത്തുനിന്നും തലയില്‍നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഷഹാബുദ്ദീന്‍ മരണത്തിന് കീഴടങ്ങി.

അതേസമയം, സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ലെന്നും അപകടം കാരണമാണ് ഷഹബുദ്ദീന്‍ മരിച്ചതെന്നും പൊലീസ് പറയുന്നു. അദ്ദേഹത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കുകള്‍ കാരണം വഴിമധ്യേ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

എന്നാല്‍, സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബര്‍കദ ജില്ലയിലെ ഹസാരിബാഗിലാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലെ വീട്ടി?ലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. ആക്രമത്തെ തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് മകന്‍ മുഹമ്മദ് പര്‍വേസ് ആലം പറഞ്ഞു. അദ്ദേഹത്തിന് പുറമേക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഉണ്ടായതെന്നും ആലം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം മുസ്ലിമായതിനാലാണ് കൊല? ചെയ്യപ്പെട്ടതെന്ന് പ്രദേശത്തെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് സൂരജ് ദാസ് പറഞ്ഞു. അദ്ദേഹം അപകടത്തിലല്ല മരണപ്പെട്ടത്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ജനക്കൂട്ടം അയാളെ തലക്കടിച്ച് കൊലപ്പെടുത്തി.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീ അദ്ദേഹത്തെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ, അവര്‍ മര്‍ദിക്കുന്നത് തുടര്‍ന്നു. സ്ത്രീക്ക് ഗുരുതര പരിക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മുസ്‌ലിമായതിനാല്‍ ജനക്കൂട്ടം അയാളെ മര്‍ദിച്ചു. അയാള്‍ താടി വളര്‍ത്തിയതും തൊപ്പി ധരിച്ചതും അവര്‍ കണ്ടിരിക്കാമെന്നും സൂരജ് ദാസ് പറഞ്ഞു.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത് നിരവധി മുസ്‌ലിംകളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ ബുള്‍ഡോസര്‍ രാജും വര്‍ധിച്ചു. പലകാരണങ്ങള്‍ പറഞ്ഞ് പള്ളികളും വീടുകളുമെല്ലാം അധികൃതര്‍ തകര്‍ക്കുകയാണ്.

 

webdesk13: