X

ഇടതുതൊഴിലാളി സംഗമത്തിന് കൂട്ട അവധി; ചോദ്യംചെയ്ത കെഎസ്ഇബി എൻജിനീയർക്ക് മർദനം

വൈദ്യുതി ബോർഡിലെ സിഐടിയു യൂണിയനിൽപെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയതു ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റു. എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേർത്തലയിൽ നടന്ന കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്‌ഷൻ ഓഫിസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നെന്നു പറയുന്നു.

എന്നാൽ, പരീക്ഷക്കാലമായതിനാൽ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാൽ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണു തർക്കത്തിനു കാരണമായത്. പരിപാടിക്കു ശേഷം എസ്എൽ പുരത്തെ ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസും എത്തി.

അതേസമയം, അവധിക്കായി മുൻകൂട്ടി നോട്ടിസ് നൽകിയിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണു സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാൻ സംഘടനാ നേതാക്കൾ എത്തിയപ്പോൾ അവരോടു രാജേഷ് മോൻ മോശമായി സംസാരിച്ചെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.
സംഘർഷത്തിൽ പരുക്കേറ്റ സംഘടന നേതാക്കളായ കെ.കെ.ചന്ദ്രൻ, കെ.ആർ.ഷീജ എന്നിവർ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞു. മാരാരിക്കുളം പൊലീസിൽ പരാതി നൽകി.

webdesk13: