X
    Categories: Newsworld

യുക്രെയ്‌നില്‍ വീണ്ടും കൂട്ടക്കുഴിമാടം; അഭയാര്‍ത്ഥികളുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി യു.എന്‍

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപം ബുസോവ ഗ്രാമത്തിലും കൂട്ടക്കുഴിമാടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു പെട്രോള്‍ പമ്പിന് സമീപമാണ് സാധാരണക്കാരെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നത്. റഷ്യന്‍ സേന പിന്മാറിയതിന് ശേഷം യുക്രെയ്ന്‍ നിയന്ത്രണം തിരിച്ചുപിടിച്ച മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നേരത്തെ ബുച്ചയിലും സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. യുക്രെയ്‌നിലെ ചില ഭാഗങ്ങളില്‍ ആക്രമണം നിര്‍ത്തിയിട്ടുണ്ടെങ്കിലും റഷ്യന്‍ സേന കിഴക്കന്‍ മേഖലയില്‍ വന്‍ സന്നാഹങ്ങളാണ് നടത്തുന്നത്.

ഇന്നലെ ലുഹാന്‍സ്‌കില്‍ ഒരു സ്‌കൂളും രണ്ട് കെട്ടിടങ്ങളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ ആളപായമില്ലെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. മരിയുപോളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് റഷ്യ ആക്രമണം തുടരുകയാണ്. നഗരത്തില്‍നിന്ന് പുറത്തുകടക്കാന്‍ സുരക്ഷാ ഇടനാഴി തുറന്നിട്ടുണ്ടെങ്കിലും ഷെല്‍ വര്‍ഷം കാരണം ആളുകളെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചു. നഗരത്തിലെ യുക്രെയന്‍ സൈനികര്‍ ആയുധം വെച്ച് കീഴടങ്ങണമെന്നാണ് റഷ്യയുടെ ആവശ്യം.

കീവിലും സമീപ പ്രദേശങ്ങളിലും റഷ്യന്‍ സേന വിതറിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന ജോലികള്‍ തുടരുകയാണെന്ന് യുക്രെയ്ന്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു. ഇതുവരെ 46,275 സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി യു.എന്‍ അഭയാര്‍ത്ഥി കമ്മീഷണര്‍ പറയുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ 26 ലക്ഷം പേരാണ് പോളണ്ടിലെത്തിയത്. ഏഴ് ലക്ഷത്തോളം പേര്‍ റൊനിയയിലുണ്ട്.

Test User: