മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു. ഏഴു രോഗികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും. ഇതോടെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും രോഗികളുടെ കൂട്ടമരണം നടന്നത്. 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചിരുന്നു. നന്ദേടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് സംഭവം നടന്നത്. മതിയായ ചികിത്സയും മരുന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സ്റ്റാഫിന്റെ കുറവും പ്രശ്നം ഗുരുതരമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി.
അതേസമയം കൂട്ടമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പബ്ലിസിറ്റിക്കായി ബിജെപി സര്‍ക്കാര്‍ ആയിരക്കണക്കിന് രൂപ ചെലവാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.