X
    Categories: Views

വെടിയൊച്ച നിയലയ്ക്കാതെ യു എസ് ; കൂട്ടക്കുരുതിയില്‍ 26 മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
സതര്‍ലന്‍ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന്‍ പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ചര്‍ച്ചിലേക്ക് കടന്നുവന്ന് അക്രമി വെടിവെക്കുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും ആക്രമിച്ചതിന് സൈനിക കോടതിയില്‍ വിചാരണ നേരിട്ട് 2014ല്‍ യു.എസ് വ്യോമസേനയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് കെല്ലി.
വെള്ളക്കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പൊലീസും സ്ഥിരീകരിച്ചു. അക്രമിയെ വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. ബുള്ളറ്റ്പ്രൂഫ് കവചം ധരിച്ചാണ് ഇയാള്‍ ചര്‍ച്ചിലെത്തിയത്. വെടിവെപ്പിനുശേഷം ചര്‍ച്ചില്‍നിന്ന് പുറത്തുകടന്ന അക്രമിയെ ദൃക്‌സാക്ഷികളിലൊരാള്‍ വെടിവെച്ചു. അക്രമിയുടെ തോക്ക് പിടിച്ചുവാങ്ങിയാണ് അദ്ദേഹം വെടിവെച്ചത്. രക്ഷപ്പെടുന്നതിനിടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിഞ്ഞു. കാറില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവെച്ചതാണോ പ്രദേശവാസിയുടെ വെടിയേറ്റതാണോ മരണകാരണമെന്ന് വ്യക്തമല്ല.
വാഹനത്തില്‍നിന്ന് നിരവധി ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണികളും കുട്ടികളും പെടും. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വെടിവെപ്പിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. ലാസ് വേഗസിലെ സംഗീത പരിപാടിയില്‍ 58 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന് ഒരു മാസം പിന്നിടുന്നതിനുമുമ്പാണ് ടെക്‌സാസ് വെടിവെപ്പ്.
ലാസ് വേഗസില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

chandrika: