X

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങള്‍ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു.

അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കാന്‍ സെക്യൂരിറ്റി കൗണ്‍സിലിന് പത്ത് ദിവസത്തെ സമയമാണ് ഉള്ളത്. ആവശ്യം അംഗീകരിച്ചാല്‍ പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ‘യുഎന്‍ ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ്’ എന്ന് ലേബല്‍ ചെയ്യപ്പെടും. ലോകത്ത് എവിടെയും യാത്ര ചെയ്യാന്‍ പിന്നീട് മസൂദിന് നിരോധനം വരുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും തടവിലാക്കുകയും ചെയ്യും.

എന്നാല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ 2009, 2016, 2017 എന്നീ വര്‍ഷങ്ങളില്ലാം ഈ നീക്കം നടന്നെങ്കിലും പാക്കിസ്ഥാന്റെ നിര്‍ദ്ദേശ പ്രകാരം ബീജിങ് ഇതിനെ എതിര്‍ക്കുകയായിരുന്നു.

മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008-09 മുതല്‍, അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. 2016-ല്‍ പത്താന്‍കോട്ടില്‍ വ്യോമസേനയ്‌ക്കെതിരെ ആക്രമണം നടത്തിയപ്പോഴായിരുന്നു ഏറ്റവും ഒടുവിലായി ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ നിര്‍ദ്ദേശ പ്രകാരം എതിര്‍പ്പുമായി ചൈന രംഗത്തെത്തി.

chandrika: