യു.പിയിലെ മുസ്ലിം പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവ്. നിലവിലെ മസ്ജിദ് പുരാതന ഹൈന്ദവ ക്ഷേത്രമാണെന്ന അഡ്വ. വിഷ്ണു ശങ്കർ ജെയിനിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.
സംഭാലിലെ ജുമാമസ്ജിദിന്റെ വിഡിയോയും ഫോട്ടോയും പകർത്തി സർവേ നടത്താൻ അഭിഭാഷക കമീഷന് ജില്ല കോടതി നിർദേശം നൽകിയതായി ഹരജിക്കാരൻ പറഞ്ഞു.
1529ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം ഭാഗികമായി തകർത്തെന്നും ഹരി ഹർ മന്ദിർ എന്നാണ് ക്ഷേത്രം അറിയപ്പെട്ടിരുന്നതെന്നും ഹരജിക്കാരൻ അവകാശപ്പെട്ടു.
ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കം ഉൾപ്പെടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനും ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ, യു.പി സർക്കാർ, മസ്ജിദ് കമ്മിറ്റി, സംഭാൽ ജില്ലാ മജിസ്ട്രേറ്റ് എന്നിവരെ ഹരജിയിൽ കക്ഷികളാക്കിയിട്ടുണ്ട്.