X

അഖ്‌സ പ്രമേയം പാസായി: യുനസ്‌കോയോട് അരിശം തീര്‍ത്ത് ഇസ്രാഈല്‍

ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു.
മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്‌കോയുടെ കരട് റിപ്പോര്‍ട്ട് ഇസ്രാഈലിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ചരിത്രത്തെ അംഗീകരിക്കാത്ത റിപ്പോര്‍ട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്തലി ബെന്നറ്റ് പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനത്തെ തടയുകയും പൊലീസിന്റേയും പട്ടാളത്തിന്റേയും കടന്നു കയറ്റത്തേയും അപലപിക്കുന്ന പ്രമേയം ഇസ്രാഈലിനെ അധിനിവേശ ശക്തിയായാണ് വിശേഷിപ്പിക്കുന്നത്. ജറൂസലമിലെ വിശുദ്ധ ക്രേന്ദ്രങ്ങളിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഏഴ് അറബ് രാജ്യങ്ങള്‍ സമര്‍പ്പിച്ച കരട് തീരുമാനം യുനെസ്‌കോ സ്വീകരിച്ചതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്. ജൂതന്‍മാര്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ടെമ്പിള്‍ മൗണ്ട് എന്നതിനു പകരം പ്രമേയത്തില്‍ പല തവണ മസ്ജിദുല്‍ അഖ്‌സ എന്ന് വിശേഷിപ്പിച്ചതാണ് ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണം.

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്ക് ജറൂസലേമിലെ പഴയ പട്ടണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് തയാറാക്കിയ രേഖയില്‍ വിശുദ്ധ ഹില്‍ടോപ്പിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് മുസ്‌ലിംകള്‍ക്കു മാത്രം വിശുദ്ധമായതെന്നാണ് പ്രമേയത്തിലെ ഒരു ഭാഗത്ത് പറയുന്നത്. കിഴക്കന്‍ ജറൂസലേമിന്റേയും ഫലസ്തീന്റേയും സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുക എന്നതാണ് നിര്‍ദ്ദിഷ്ട രേഖയുടെ ലക്ഷ്യം. ഇസ്‌ലാം മത വിശ്വാസികള്‍ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രാഈലിന്റെ നടപടിയെ അപലപിക്കുന്ന രേഖ രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നാണ് ഇസ്രാഈല്‍ ആരോപിക്കുന്നത്.

കരട് പ്രമേയം ആറിനെതിരെ 24 വോട്ടുകള്‍ക്കാണ് യു.എന്‍ കമ്മിറ്റി പാസാക്കിയത്. അതേ സമയം 26 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല. കരട് റിപ്പോര്‍ട്ട് നിലവില്‍ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് സമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് സമിതി തീരുമാനമെടുക്കും. അതേ സമയം ജറൂസലേമുമായുള്ള ജൂതന്‍മാരുടെ ആയിരക്കണക്കിന് വര്‍ഷത്തെ ബന്ധം അവഗണിച്ച് ഇസ്‌ലാമിക ഭീകരതയെ സഹായിക്കുകയാണ് യുനെസ്‌കോ ചെയ്യുന്നതെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നു. യുനെസ്‌കോ അസംബന്ധ നാടകമായി പരിണമിച്ചെന്നായിരുന്നു ഇതേ കുറിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ടെമ്പിള്‍ മൗണ്ടുമായും വെസ്റ്റേണ്‍ വാളുമായും ഇസ്രാഈഈലിനു ബന്ധമില്ലെന്നു പറയുന്നത് ചൈനീസ് വന്‍മതിലുമായി ചൈനക്കു ബന്ധമില്ലെന്നും പിരമിഡുമായി ഈജിപ്തിനു ബന്ധമില്ലെന്നും പറയുന്നതിനു തുല്യമാണെന്നും നെതന്യാഹു ആരോപിച്ചു. യുനെസ്‌കോയുടേത് അസംബന്ധമാണെന്നും വിശ്വാസ്യത തകര്‍ന്നെന്നും നെതന്യാഹു ആരോപിച്ചു. ഏകപക്ഷീയമായ തീരുമാനമാണ് യുനെസ്‌കോയുടേതെന്ന് ലോക ജൂത കോണ്‍ഗ്രസും ആരോപിച്ചു. അതേ സമയം യുനെസ്‌കോയുടെ നീക്കത്തെ ഫലസ്തീന്‍ ജനത സ്വാഗതം ചെയ്തു.

ഇത് ഇസ്രാഈലിനുള്ള വ്യക്തമായ താക്കീതാണെന്നും ജൂത കുടിയേറ്റം ആ രാജ്യം അവസാനിപ്പിക്കണമെന്നും ഫലസ്തീനെ അംഗീകരിക്കുകയും ജറൂസലേം അതിന്റെ തലസ്ഥാനമായും മുസ്‌ലിംകളുടേയും ക്രിസ്ത്യാനികളുടേയും വിശുദ്ധ സ്ഥലമായി അംഗീകരിക്കുകയും വേണമെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു ദൈന പറഞ്ഞു.
അള്‍ജീരിയ, ഈജിപ്ത്, ലെബനന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടു വന്നത്. എസ്‌തോണിയ, ജര്‍മ്മനി, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, യു.കെ, യു.എസ്.എ എന്നിവര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ചൈന, റഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

പ്രമേയത്തെ ശക്തമായ ഭാഷയില്‍ അപലിപിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഈസ്റ്റ് ജറൂസലേമിലുള്ള അല്‍ അഖ്‌സ കോമ്പൗണ്ട് 1967ലാണ് ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തത്. വെസ്റ്റ്ബാങ്ക് അധിനിവേശത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജ്യാന്തര സമൂഹം ഇതുവരെ ഈ നീക്കത്തെ അംഗീകരിച്ചിട്ടില്ല.

chandrika: