X
    Categories: More

ക്രിക്കറ്റ് രാജ്യസ്‌നേഹം വ്യാജം; കളിക്കാരല്ല, തൊഴിലാളികളും ഡോക്ടര്‍മാരുമാണ് താരങ്ങള്‍: മഷ്‌റഫെ മുര്‍ത്തസ

മഷ്‌റഫെ മുര്‍ത്തസ

ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള രാജ്യസ്‌നേഹം തനിക്ക് മനസ്സിലാവുന്നില്ലെന്ന് ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മുര്‍ത്തസ. ക്രിക്കറ്റര്‍മാരല്ല, ഡോക്ടര്‍മാരും തൊഴിലാളികളുമാണ് യഥാര്‍ത്ഥ താരങ്ങളെന്നും ബംഗ്ലാദേശിനെ ആദ്യമായി ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തിച്ച ക്യാപ്ടന്‍ പറഞ്ഞു.

‘ഞാനൊരു ക്രിക്കറ്ററാണ്. പക്ഷേ, എനിക്കൊരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ? ഒരു ഡോക്ടര്‍ക്ക് കഴിയും. പക്ഷേ, രാജ്യത്തെ ഏറ്റവും നല്ല ഡോക്ടര്‍ക്കു വേണ്ടി ആരും കൈയടിക്കുന്നില്ല. അവരെപ്പറ്റി ഇതിഹാസങ്ങളുണ്ടാക്കുന്നില്ല. അവര്‍ കൂടുതല്‍ ജീവിതങ്ങള്‍ രക്ഷിക്കുന്നു. തൊഴിലാളികളാണ് താരങ്ങള്‍. അവരാണ് രാഷ്ട്രം നിര്‍മിക്കുന്നത്. ക്രിക്കറ്റ് കൊണ്ട് നമ്മള്‍ എന്താണ് നിര്‍മിച്ചത്? ക്രിക്കറ്റ് കൊണ്ട് ഒരു ഇഷ്ടികയെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ? ക്രിക്കറ്റ് ഗ്രൗണ്ടില്‍ നെല്ല് വിളയുമോ? ഇഷ്ടികകള്‍ കൊണ്ട് മുറ്റങ്ങളുണ്ടാക്കുന്നവരും ഫാക്ടറികളില്‍ വസ്തുക്കളുണ്ടാക്കുന്നവരും വയലുകളില്‍ വിളകളുണ്ടാക്കുന്നവരും… അവരാണ് താരങ്ങള്‍.’ – സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ മഷ്‌റഫെ പറഞ്ഞു.

പണം വാങ്ങി പ്രകടനം നടത്തുന്ന കലാകാരന്മാരെപ്പോലെയാണ് ക്രിക്കറ്റര്‍മാര്‍ എന്നും മഷ്‌റഫെ പറഞ്ഞു: ‘ഞങ്ങള്‍ എന്താണ് ചെയ്യുന്നത്. മയമില്ലാതെ പറഞ്ഞാല്‍, ഞങ്ങള്‍ പണത്തിനു പകരമായി കളിക്കുന്നു. പാട്ടുകാരനെയും അഭിനേതാവിനെയും പോലെ ഞങ്ങളും കല പ്രകടിപ്പിക്കുകയാണ്. അതിനേക്കാളൊന്നുമില്ല. 1971-ല്‍ വെടിയുണ്ടകള്‍ നേരിട്ട വിമോചന പോരാളികള്‍ വിജയിച്ച സമയത്ത് പണം വാങ്ങിയിട്ടില്ല.’ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച പട്ടാളക്കാരുമായി ക്രിക്കറ്റര്‍മാരെ താരതമ്യം ചെയ്യരുതെന്നും വിമോചന പോരാളികളുടേതാണ് യഥാര്‍ത്ഥ ധീരതയെന്നും മഷ്‌റഫെ പറഞ്ഞു.

‘ക്രിക്കറ്റ് ഗ്രൗണ്ടിനു ചുറ്റും രാജ്യസ്‌നേഹം, രാജ്യസ്‌നേഹം എന്ന് ഓരിയിട്ട് നടക്കുന്നവരെല്ലാം ഒരു ദിവസം തെരുവില്‍ പഴത്തൊലി ഇടാതിരിക്കുകയും റോഡുകളില്‍ തുപ്പാതിരിക്കുകയും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ രാജ്യം മാറിയേനെ. ക്രിക്കറ്റിനു വേണ്ടി ചെലവാക്കുന്ന ഊര്‍ജം നല്ല കാര്യങ്ങള്‍ക്കു വേണ്ടി ചെലഴിക്കുകയാണെങ്കില്‍ അതാണ് രാജ്യസ്‌നേഹം. ഈയാളുകളുടെ ദേശസ്‌നേഹത്തിന്റെ വിശദീകരണം എനിക്ക് മനസ്സിലാകുന്നില്ല.’ മുര്‍ത്തസ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: