X

ദൈവനിന്ദ: വിദ്യാര്‍ത്ഥിയെ വധിച്ച കേസില്‍ ഒരാള്‍ക്ക് വധശിക്ഷ

 

ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ ദൈവനിന്ദ ആരോപിച്ച് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പാക് കോടതി ഒരാള്‍ക്ക് വധശിക്ഷയും അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന മഷാല്‍ ഖാനെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ കേസിലാണ് വിധി. സുരക്ഷാ കാരണങ്ങളാല്‍ ഹാരിപൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിധി പ്രഖ്യാപനം കണക്കിലെടുത്ത് ജയിലിനു ചുറ്റും നൂറുകണക്കിന് പൊലീസുകാരെ വിന്യസിക്കുകയും റോഡുകള്‍ അടക്കുകയും ചെയ്തിരുന്നു. സഹപാഠികളടക്കം 57 പേരാണ് കേസില്‍ വിചാരണ നേരിട്ടത്. മഷാല്‍ ഖാനെ വെടിവെച്ച വിദ്യാര്‍ത്ഥി ഇംറാന്‍ അലിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 25 പേര്‍ക്ക് ചെറിയ ശിക്ഷ നല്‍കിയപ്പോള്‍ 26 പേരെ വിട്ടയച്ചു.

അടുത്തിടെ അറസ്റ്റിലായ 58-ാമന്റെ വിചരാണ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മാര്‍ദാനിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ മഷാല്‍ ഖാന്‍ താമസിച്ചിരുന്ന മുറിയിലെത്തിയാണ് അക്രമികള്‍ കൊലനടത്തിയത്. 25കാരനായ ഖാന്‍ മുറിയുടെ ചുമരുകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വാഴ്ത്തുന്ന മുദ്രാവാക്യങ്ങളും കാള്‍മാക്‌സിനെ പോലുള്ള രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇസ്്‌ലാമിനെ വിമര്‍ശിച്ചെന്ന് ആരോപിച്ചാണ് അക്രമികള്‍ ഖാനെ കൊലപ്പെടുത്തിയത്.

2017 ഏപ്രില്‍ 13ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ മതത്തെ നിന്ദിച്ചുവെന്ന് അഭ്യൂഹം പരന്നു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി സ്റ്റാഫില്‍ ചിലരും അദ്ദേഹത്തെ തേടി ക്യാമ്പസിലൂടെ മാര്‍ച്ച് നടത്തി. ഒടുവില്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഖാനെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

chandrika: