പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. ലയണല്‍ മെസ്സിയില്ലാതെ കളിച്ച എവേ മത്സരത്തില്‍ രണ്ടു പ്രാവശ്യം മുന്നിലെത്തിയ ശേഷമാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ 2-2 സമനില കൊണ്ട് തൃപ്തിപ്പെട്ടത്. കളി അവസാനിക്കാന്‍ ആറു മിനുട്ട് മാത്രം ശേഷിക്കെ ഹവിയര്‍ മഷരാനോ വരുത്തിയ അബദ്ധമാണ് ജയിക്കാമായിരുന്ന മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്.
15-ാം മിനുട്ടില്‍ റമിറോ ഫ്യുനസ് മോറി അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 58-ാം മിനുട്ടില്‍ ഗെറോറോ ആതിഥേയരെ ഒപ്പമെത്തിച്ചു. 77-ാം മിനുട്ടില്‍ ഹിഗ്വയ്‌ന്റെ ഗോളില്‍ അര്‍ജന്റീന ലീഡെടുത്തെങ്കിലും 84-ാം മിനുട്ടിലെ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യന്‍ ക്വേന പെറുവിന് സമനില നല്‍കി.
കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയാണ് ഫ്യൂനസ് മോറി ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.
58-ാം മിനുട്ടില്‍ ട്രൗക്കോ നല്‍കിയ എയര്‍ബോള്‍ ബോക്‌സില്‍ സ്വീകരിച്ച് പന്ത് നിയന്ത്രിച്ച് ഗെറോറോ ലക്ഷ്യം കണ്ടു. അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നതായിരുന്നു ഗോള്‍.
77-ാം മിനുട്ടില്‍ പാബ്ലോ സബലേറ്റ നല്‍കിയ പന്ത് ഹിഗ്വയ്ന്‍ മനോഹരമായി ചിപ്പ് ചെയ്ത് ലക്ഷ്യത്തിലെത്തിച്ചു.
വിജയത്തിലേക്ക് നീങ്ങുകയായിരുന്ന അര്‍ജന്റീനക്ക് തിരിച്ചടിയായത് 84-ാം മിനുട്ടില്‍ മഷരാനോ വരുത്തിയ പിഴവാണ്. മധ്യവരക്കടുത്തു നിന്ന് മഷരാനോ പിന്നിലേക്ക് പാസ് ചെയ്ത പന്ത് ഗെറോറോ അനായാസം പിടിച്ചെടുത്തു. ബോക്‌സിലേക്ക് കുതിച്ച ഗെറോറോയെ പിന്നില്‍ നിന്ന് വീഴ്ത്തുകയല്ലാതെ ഫ്യുനസ് മോറിക്ക് വഴിയുണ്ടായിരുന്നില്ല.
കിക്കെടുത്ത ക്വേവ അനായാസം ലക്ഷ്യം കാണുകയും ചെയ്തു.